Wednesday, May 8, 2024
HomeIndia'ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം'; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

‘ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം’; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (Farm laws) പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി (PM Modi) അറിയിച്ചതിന് പിന്നാലെ ലഖിംപുര്‍ ഖേരി(Lakhimpur Kheri)  സംഭവത്തില്‍ ഉള്‍പ്പെടെ എതിര്‍പ്പറിയിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ കത്ത്(Varun Gandhi). നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരുണ്‍ ഗാന്ധി കത്തെഴുതി. ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ സമരം അവസാനിക്കില്ലെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പല നേതാക്കളും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും അനന്തര ഫലമാണ് ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ അഞ്ച് കര്‍ഷക സഹോദരങ്ങള്‍ വാഹനമിടിച്ച് മരിച്ചത്. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

കാര്‍ഷിക നിയമത്തില്‍ നേരത്തെ സര്‍ക്കാറിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുണ്‍ ഗാന്ധി. സ്വാതന്ത്ര്യസമരത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയ നടി കങ്കണാ റണാവത്തിനെതിരെയും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular