Monday, May 6, 2024
HomeIndiaസിഖ് തലപ്പാവും പൊട്ടും കുരിശുമെല്ലാം എന്ത് ചെയ്യും?- ഹിജാബ് വിലക്കില്‍ ശശി തരൂര്‍; വ്യാപക വിമര്‍ശനം

സിഖ് തലപ്പാവും പൊട്ടും കുരിശുമെല്ലാം എന്ത് ചെയ്യും?- ഹിജാബ് വിലക്കില്‍ ശശി തരൂര്‍; വ്യാപക വിമര്‍ശനം

കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം.

കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളുമായ ശശി തരൂര്‍, കാര്‍ത്തി പി. ചിദംബരം, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല തുടങ്ങിയവരെല്ലാം കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

സിഖ് തലപ്പാവിനെതിരെയും നടപടിയെടുക്കുമോ?

എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ കരുത്തെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഹിജാബ് അനുവദിക്കാനാകില്ലെങ്കില്‍ സിഖ് തലപ്പാവിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടിനെക്കുറിച്ചും ക്രിസ്ത്യാനികളുടെ കുരിശിനെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായം? കുട്ടികളെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. അവരെ പഠിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ തടയുന്ന വിഡിയോ പങ്കുവച്ച്‌ തരൂര്‍ ട്വീറ്റ് ചെയ്തു.

വ്യക്തികള്‍ക്ക് ഇഷ്ടമുള്ളത് ഉടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരാളുടെ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കുമുള്ള അവകാശമാണതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. ഈ പൊതുപ്രതിനിധികള്‍ക്ക് കാവിവസ്ത്രമുടുക്കാമെങ്കില്‍ ഈ കുട്ടികള്‍ക്ക് ഹിജാബും ധരിക്കാന്‍ പറ്റും. മുസ്‍ലിംകള്‍ രണ്ടാംകിട പൗരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഭേട്ടി ബഛാവോ ഭേട്ടി പഠാവോ’ മറ്റൊരു പൊള്ളയായ മുദ്രാവാക്യമാണെന്ന് ജമ്മു കശ്മീര്‍ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി വിമര്‍ശിച്ചു. വേഷം എന്നൊരു കാരണത്താല്‍ മാത്രം മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്. മുസ്്‌ലിം അരികുവല്‍ക്കരണത്തിന് നിയമസാധുത നല്‍കുന്നത് ഗാന്ധിയുടെ ഇന്ത്യയെ ഗോഡ്‌സെയുടെ ഇന്ത്യയാക്കാനുള്ള അടുത്തൊരു ചുവടുവയ്പ്പ് കൂടിയാണെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

ഹിജാബ് നിരോധിക്കാനുള്ള നീക്കം വിദ്യാര്‍ത്ഥികളുടെ വേഷത്തില്‍ ഐക്യരൂപം കൊണ്ടുവരാനുള്ള ശ്രമമൊന്നുമല്ലെന്ന് കാര്‍ത്തി പി ചിദംബരം പ്രതികരിച്ചു. ഏത് സാഹചര്യത്തിലും നിങ്ങള്‍ ഇരയാക്കപ്പെടുമെന്ന് മുസ്‍ലിംകള്‍ക്ക് പരോക്ഷ സൂചന നല്‍കാനാണത്. സിഖ് തലപ്പാവിനെതിരെയും സമാനമായ നടപടിയെടുക്കാന്‍ ഏതെങ്കിലും സ്ഥാപനം ധൈര്യം കാണിക്കുമോ?- കാര്‍ത്തി ചോദിച്ചു.

വിദ്യാര്‍ത്ഥിനികളെ ഗേറ്റില്‍ തടഞ്ഞ് പ്രിന്‍സിപ്പല്‍

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്സിറ്റി കോളേജില്‍ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെയാണ് ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞത്. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.

ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഇവരെ പ്രിന്‍സിപ്പല്‍ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതര്‍ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനില്‍ക്കെയാണ് ഇവരെ ക്ലാസില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയത്. ഇതുവരെയില്ലാത്ത വിലക്ക് ഇപ്പോള്‍ എന്തിനാണ് ഏര്‍പ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ, കാവി ഷാള്‍ ധരിച്ച്‌ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്യാംപസിലെത്തുകയും പെണ്‍കുട്ടികളോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബിന് വിലക്കേര്‍പ്പെടുത്തണമെന്ന് ഇവര്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ കോളേജിനു പുറത്ത് തടഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ മാധ്യമപ്രവര്‍ത്തകരടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

കോളേജിലെ ഹിജാബ് വിലക്കിനെതിരെ നേരത്തെ രേഷം ഫാറൂഖ് എന്ന വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥിനി കോടതിയില്‍ ഹരജി നല്‍കിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular