Wednesday, May 1, 2024
HomeKeralaഫറ്റോർദയെ മഞ്ഞക്കടലാക്കാൻ മഞ്ഞപ്പട; ടിക്കറ്റുകൾ വിറ്റുപോയത് മണിക്കൂറുകൾക്കകം

ഫറ്റോർദയെ മഞ്ഞക്കടലാക്കാൻ മഞ്ഞപ്പട; ടിക്കറ്റുകൾ വിറ്റുപോയത് മണിക്കൂറുകൾക്കകം

ഐഎസ്എൽ ഫൈനൽ (ISL 2021-22 Final) പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വെച്ച് മണിക്കൂറുകൾക്കകം വിട്ടുപോകുകയായിരുന്നുവെന്ന് ഐഎസ്എൽ അധികൃതര്‍ തന്നെയാണ് അറിയിച്ചത്. ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് (Kerala Blasters vs Hyderabad FC) ഫൈനൽ പോരാട്ടം നേരിൽ കാണുവാനായി പതിനായിരങ്ങളാകും എത്തുക. കോവിഡ് നിയന്ത്രങ്ങൾ മൂലം ആരാധകർക്ക് ലീഗ് ഘട്ടത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ഐഎസ്എൽ സംഘാടക സമിതി ആരാധകർക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ മൂന്നാം ഐഎസ്എൽ ഫൈനൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇറങ്ങുമ്പോൾ മറുവശത്ത് ആദ്യ ഐഎസ്എൽ ഫൈനലിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് ഹൈദെരാബാദ് എഫ്‌സി (Hyderabad FC). അതുകൊണ്ട് തന്നെ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യാൻ ആരാധകർ ഒഴുകിയെത്തുമെന്നതിന്റെ സൂചനയാണ് ടിക്കറ്റ് വിൽപ്പനയിലെ ചൂടൻ പ്രതികരണം.

ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്ത് നിന്നുമാണ് കൂടുതൽ ആവേശകരമായ പ്രതികരണം ലഭിക്കുന്നത്. ഒരുപാട് സീസണുകളിൽ നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രം ലഭിച്ചിരുന്ന ടീം ഒടുവിൽ തകർപ്പൻ പ്രകടനത്തോടെ ഫൈനലിലേക്ക് കടന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്നതായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകവൃന്ദമെന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അതുകൊണ്ട് തന്നെ കലാശപ്പോരാട്ടത്തിൽ ഫറ്റോർദയെ മഞ്ഞക്കടലാക്കാനുള്ള തയാറെടുപ്പിലാണ്.

ഫൈനൽ ഗോവയിലാണ് നടക്കുന്നതെങ്കിലും ഇവിടേക്ക് ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരാകും എത്തുക. ഫൈനൽ മത്സരം കാണാനായി ഇപ്പോൾ തന്നെ ഗോവയിലേക്ക് തിരിച്ചവരുണ്ട്. ഫൈനൽ പോരാട്ടം കാണുവാനായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രത്യേക ബസ് അടക്കം ബുക്ക് ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഗോവയിലേക്ക് പോകുന്നത്. ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സിയിൽ കളിക്കാനാകില്ലെങ്കിലും ഗാലറിയിൽ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി എത്തുന്ന മഞ്ഞപ്പട ഫറ്റോർദയെ മഞ്ഞ പുതപ്പിക്കുമെന്ന് ഉറപ്പാണ്.

17ന് രാവിലെ 10 മണിക്ക് ആരംഭിച്ച രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പന മണിക്കൂറുകൾക്കകം അവസാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പതിനാലായിരത്തോളം ടിക്കറ്റിൽ പകുതിയും വിറ്റുപോയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുപോയതോടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലടക്കം എവിടെ നിന്നെങ്കിലും ഒരു ടിക്കറ്റ് ലഭിക്കുമോ എന്നറിയാൻ വേണ്ടി എത്തുന്നത് കാണാമായിരുന്നു. ഫൈനൽ പോരാട്ടം നടക്കുന്ന ഫറ്റോർദ സ്റ്റേഡിയത്തിന് സമീപം ഓഫ്‌ലൈൻ ടിക്കറ്റ് കൗണ്ടറുകൾ തുറക്കാൻ സംഘാടകർ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും ഓൺലൈനിൽ ടിക്കറ്റ് തേടി നടക്കുന്നവരുടെ എണ്ണം നേരിട്ട് വാങ്ങുന്നവരേക്കാൾ പതിന്മടങ്ങായിരുന്നത് കൊണ്ട് ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, വിറ്റുപോയ ടിക്കറ്റുകളിലേറെയും സ്വന്തമാക്കിയിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണെന്നാണ് റിപ്പോർട്ട്. ഫൈനൽ മത്സര ദിവസം സ്റ്റേഡിയത്തിൽ പതിനായിരത്തിലേറെ ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട്. ഫൈനലിന് സ്റ്റേഡിയത്തിന്റെ ശേഷിയുടെ മുഴുവൻ ആളുകളെയും അനുവദിക്കാനാണ് സംഘാടകരുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഇത്രയേറെ പേരെ ഫൈനലിന് അനുവദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular