Monday, May 6, 2024
HomeKeralaകല്ല് പിഴുതെറിയുന്നതിന് തുടക്കമിട്ടത് എ.കെ. ആന്‍റണി, 1968ലെ 'വെളുത്തുള്ളി കായല്‍' സമരത്തില്‍

കല്ല് പിഴുതെറിയുന്നതിന് തുടക്കമിട്ടത് എ.കെ. ആന്‍റണി, 1968ലെ ‘വെളുത്തുള്ളി കായല്‍’ സമരത്തില്‍

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ അധികൃതര്‍ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിഴുതെറിയുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ ദിനംപ്രതി വരുന്നത്.

ഇതിന് സമാനമായി 54 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എ.കെ. ആന്‍റണിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് അതിരുകല്ലുകള്‍ പറിച്ചെറിഞ്ഞത് ചര്‍ച്ചയാവുകയാണ് സമൂഹമാധ്യമങ്ങളില്‍. ‘ചരിത്ര സഞ്ചാരി’ എന്ന ഫേസ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്ത ലേഖനം മുന്‍ ഇടത് സഹയാത്രികള്‍ ചെറിയാന്‍ ഫിലിപ്പാണ് തന്‍റെ എഫ്.ബി പേജിലൂടെ പങ്കുവെച്ചത്.

ഇ.എം.എസ് രണ്ടാം മന്ത്രിസഭയുടെ കാലത്ത് 1968ല്‍ ആലപ്പുഴ വെളുത്തുള്ളി കായല്‍ സമരവുമായി ബന്ധപ്പെട്ടാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയ അതിരുകല്ലുകള്‍ പറിച്ചെറിഞ്ഞുള്ള സമരം നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ മേഖലയിലെ വെളുത്തുള്ളി കായല്‍ എന്നറിയപ്പെടുന്ന പ്രദേശം കൃഷിയുടെ പേരില്‍ മറ്റു ദേശങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഇ.എം.എസ് സര്‍ക്കാര്‍ പതിച്ചു കൊടുത്തത്. 1968 ജനുവരി 31നാണ് റവന്യൂ വകുപ്പ് ജീവനക്കാര്‍ 108 ഏക്കര്‍ കായല്‍ അളന്ന് അതിരുകുറ്റികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച പരിസരവാസികളായ സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും കര്‍ഷകരും അടക്കമുള്ളവരെ കുത്തിയതോട് സ്റ്റേഷനിലെത്തിച്ച്‌ പൊലീസ് മര്‍ദിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാന പ്രസിഡന്‍റ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ സമരം ഏറ്റെടുത്തു. ജൂലൈ ഏഴിന് വെളുത്തുള്ളി കായലിലേക്ക് പ്രകടനമായി നീങ്ങിയ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എ.കെ. ആന്റണിയുടെ ആഹ്വാന പ്രകാരം കായല്‍ അളന്ന് നാട്ടിയ അതിരുകല്ലുകള്‍ പിഴുതെറിയുകയായിരുന്നു. അതിരുകല്ലുകള്‍ക്ക് കാവല്‍ നിന്ന പൊലീസുകാരും സി.പി.എം അണികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജില്‍ എ.കെ. ആന്‍റണി അടക്കമുള്ള നേതാക്കള്‍ക്കും 15 സ്ത്രീകള്‍ക്കും പരിക്കേറ്റത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

എ.കെ ആന്‍റണി അതിരുകല്ലുകള്‍ പറിച്ചെറിഞ്ഞപ്പോള്‍

പണ്ടൊരു യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ് അതിരുകല്ലുകള്‍ പറിച്ചെറിഞ്ഞപ്പോള്‍ കേരള രാഷ്ട്രീയം മാറി മറിഞ്ഞു. അന്നത്തെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ.കെ. ആന്റണിയായിരുന്നു. അതൊരു പഴയ സമര കഥയാണ്. ആ സംഭവം വെളുത്തുള്ളി കായല്‍ സമരം എന്ന് ചരിത്രത്തില്‍ ഇന്ന് അറിയപ്പെടുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്താണ് ഈ സംഭവം അരങ്ങേറിയത്. അണികളെ കൂടെ നിര്‍ത്താന്‍ ഇ.എം.എസ് പല അടവുകളും പയറ്റുന്ന കാലം.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ മേഖലയിലെ കായല്‍ പ്രദേശമാണ് വെളുത്തുള്ളി കായല്‍. വലിയ മല്‍സ്യസമ്ബത്തുള്ള, ആഴമില്ലാത്ത വെളുത്തുള്ളി കായലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന വലിയൊരു ജനവിഭാഗം ജനങ്ങളുണ്ട്. കൃഷിയുടെ പേരുപറഞ്ഞു മറ്റു ദേശങ്ങളില്‍ നിന്ന് കൊണ്ടുവന്നവര്‍ക്ക് വെളുത്തുള്ളി കായല്‍ പതിച്ചു കൊടുത്തപ്പോള്‍ ചന്തിരൂര്‍ പ്രദേശത്ത് മത്സ്യബന്ധനം കൊണ്ട് ജീവിച്ചിരുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് വയറ്റില്‍ തീ കോരിയിട്ട പ്രതീതിയായിരുന്നു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ പോലെ ആലപ്പുഴയിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ സൃഷ്ട്രിക്കാന്‍ സി.പി.എമ്മിന്റെ തീരുമാനത്തിന്റെ അനന്തരഫലം ആയിരുന്നു ഈ പതിച്ചു കൊടുക്കല്‍. റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയായിരുന്നു ഇതിനായി ചരട് വലിച്ചത്. ഇ.എം.എസ് സര്‍ക്കാര്‍ 108 ഏക്കര്‍ ഇങ്ങനെ പതിച്ചു കൊടുത്തപ്പോള്‍ പരിസരവാസികളായ മത്സ്യത്തൊഴിലാളികളും കര്‍ഷകരും പ്രധിഷേധക്കാരായി.

1968 ജനുവരി 31ന് റവന്യൂ ജീവനക്കാരും സി.പി.എം അനുഭാവികളും ചേര്‍ന്ന് കായല്‍ അളന്ന് അതിരുകുറ്റികള്‍ ഇടാന്‍ തുടങ്ങിയത് അറിഞ്ഞ നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തികൊണ്ട് അളവ് തടസപ്പെടുത്തി. ഇതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസെത്തി സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.

സി.പി.എമ്മിന്റെ ഏകപക്ഷീയ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അന്ന് സി.പി.ഐ രംഗത്ത് വരുകയും തങ്ങളുടെ രണ്ടു- മൂന്നു പേര്‍ക്ക് സ്ഥലം പതിച്ചുകൊടുക്കാം എന്ന ഉറപ്പു മേടിച്ചുകൊണ്ട് സമരരംഗത്ത് നിന്നും പിന്മാറുകയും ചെയ്തു.

ഈ കാലം എ.കെ ആന്റണി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. ഒരു ജനകീയ പ്രശ്നം എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, എ.സി. ഷണ്മുഖദാസ് എന്നിവര്‍ ചന്ദിരൂരിലെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെത്തിയതോട്കൂടി സമരം ജനഹൃദയങ്ങളിലെത്തി. സമരം കേരളമാകെ പടര്‍ന്നു.

ജൂലൈ ഏഴിന് യൂത്ത് കോണ്‍ഗ്രസ്‌ വെളുത്തുള്ളി കായലിലേക്ക് പ്രകടനമായി നീങ്ങി. കായലളന്ന് നാട്ടിയ അതിരു കല്ലുകള്‍ പിഴുതെറിയാന്‍ എ.കെ. ആന്റണി ആഹ്വാനം ചെയ്തു. കായല്‍ കരയില്‍ അതിര് കുറ്റിക്ക് കാവല്‍ നിന്ന പൊലീസുകാരും, സി.പി.എം അണികളും യൂത്ത് കോണ്‍ഗ്രസുകാരെ നേരിട്ടപ്പോള്‍ കാര്യങ്ങള്‍ ഭീകരമായ ലാത്തിച്ചാര്‍ജില്‍ ചെന്നെത്തി.

ഗൗരിയമ്മ അടക്കമുള്ള മന്ത്രിമാര്‍ വെളുത്തുള്ളിയില്‍ എത്തുകയും ചന്തിരൂരില്‍ മിനി ക്യാബിനറ്റ് കൂടുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് സമരം കെ.പി.സി.സി ഏറ്റെടുത്തു കൊണ്ട് പ്രസിഡന്‍റ് ടി.ഒ. ബാവ പ്രഖ്യാപനം നടത്തി.

കായല്‍ പതിച്ചു നല്‍കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ കോണ്‍ഗ്രസ്‌ നേതാവ് എം. കമലം തീരദേശം വഴിയും കെ.പി.സി.സി സെക്രട്ടറി ഹരിഹരന്‍ മാസ്റ്റര്‍ മലയോര മേഖല വഴിയും തിരുവനന്തപുരം ലക്ഷ്യമാക്കി ജാഥകള്‍ തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ജാഥ എത്തിയപ്പോള്‍ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ അടികൊണ്ട് വീണു. സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നു.

ഭൂമി കിട്ടിയ അനര്‍ഹരായ ഭാഗ്യവാന്മാര്‍ കര്‍ഷക സംഘമുണ്ടാക്കി. ഗൗരിയമ്മയെ അതിന്റെ പ്രസിഡന്‍റും ആക്കി. കാലം ചെന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിന് അനഭിമതയായി. കര്‍ഷക സംഘത്തില്‍ നിന്നവരെ പുറത്താക്കി. സമരം പരാജയപ്പെട്ടു. പക്ഷെ വെളുത്തുള്ളി കായല്‍ സമരത്തില്‍ ആലപ്പുഴയുടെ തീരങ്ങളിലെ സി.പി.എം കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴാന്‍ തുടങ്ങി.

അടുത്ത തെരഞ്ഞെടുപ്പില്‍, അന്ന് വരെ ചുവപ്പിന്റെ തുരുത്തായ ചേര്‍ത്തലയില്‍ എ.കെ ആന്റണി എന്ന നേതാവ് കോണ്‍ഗ്രസിന്റെ കൊടിയുമായി വള്ളമടുപ്പിച്ചു. ആ തെരഞ്ഞെടുപ്പില്‍ നിയമസഭയുടെ മുന്‍നിരയിലേക്ക് എ.കെ ആന്റണിയോടൊപ്പം ഉമ്മന്‍ ചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണന്‍, എ.സി ഷണ്‍മുഖദാസ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരും എത്തി. കേരള നിയമസഭയിലേക്ക് യുവത്വം കടന്നുവന്ന നാളുകളായിരുന്നു അത്‌… സമരങ്ങളുടെയും, സഹനങ്ങളുടെയും ഒരു വിസ്മയ കാലഘട്ടമായിരുന്നു അത്‌…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular