Thursday, May 2, 2024
HomeKeralaസംസ്ഥാനത്ത് ആദ്യ 'ഹൈടെക്' കാലിത്തൊഴുത്ത് സജ്ജം; പ്രളയം വന്നാല്‍ പശുക്കള്‍ക്ക് ഇങ്ങോട്ടേക്ക് ഓടിക്കയറാം, തീറ്റ ലിഫ്റ്റിലെത്തും

സംസ്ഥാനത്ത് ആദ്യ ‘ഹൈടെക്’ കാലിത്തൊഴുത്ത് സജ്ജം; പ്രളയം വന്നാല്‍ പശുക്കള്‍ക്ക് ഇങ്ങോട്ടേക്ക് ഓടിക്കയറാം, തീറ്റ ലിഫ്റ്റിലെത്തും

ആലപ്പുഴ: പ്രളയം വന്നാല്‍ കന്നുകാലികള്‍ക്ക് കാലിത്തൊഴുത്തിന്റെ ഒന്നുരണ്ടും നിലകളിലേക്ക് ഓടിക്കയറി രക്ഷപ്പെടാം, കാറ്റുകൊണ്ട് സുഖമായി വിശ്രമിക്കാം.

തീറ്റ ലിഫ്റ്റില്‍ എത്തും! പ്രളയത്തെ പേടിക്കേണ്ട. സംസ്ഥാനത്ത് ആദ്യത്തെ ബഹുനില കാലിത്തൊഴുത്ത് (എലിവേറ്റഡ് മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ്) കുട്ടനാട്ടില്‍ സജ്ജമായി. മറ്റൊന്ന് ചമ്ബക്കുളത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.

ആറ്റുനോറ്റു വളര്‍ത്തുന്ന കന്നുകാലികളെ പ്രളയകാലത്ത് രക്ഷിക്കാനാവാതെ മരണത്തിന് വിട്ടുകൊടുത്ത് കണ്ണീര്‍വാര്‍ക്കുന്ന കര്‍ഷകരുടെ സങ്കടത്തിന് ഇതോടെ അറുതിയാകും. നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്ബുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ക്ഷീരവികസന വകുപ്പ് മൂന്നുനില കാലിത്തൊഴുത്ത് നിര്‍മ്മിച്ചത്. ചെലവ് 1.80 കോടി. വെള്ളപ്പൊക്കമുണ്ടായാല്‍ നൂറിലധികം ഉരുക്കളെ ഒരേസമയം ഇവിടെ പാര്‍പ്പിക്കാം.

കെട്ടിടത്തിന്റെ ഒന്നുംരണ്ടു നിലകളിലാണ് കന്നുകാലികളെ പാര്‍പ്പിക്കാനുള്ള സൗകര്യം. അവയ്ക്ക് നടന്നുകയറാന്‍ പാകത്തില്‍ റാമ്ബ് സൗകര്യവും. പാല്‍ സംഭരണ സംവിധാനം, പാല്‍ പരിശോധനാ മുറികള്‍, സംഘം ഓഫീസ്, കാലിത്തീറ്റ ഗോ‌ഡൗണ്‍, യോഗം കൂടാനുള്ള മുറികള്‍ എന്നിവയുമുണ്ട്. ചമ്ബക്കുളത്ത് 2.69 കോടി ചെലവിലാണ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയങ്ങളില്‍ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പിന്റെ ഇത്തരമൊരു പദ്ധതി.

കുട്ടനാട്ടിലെ ബഹുനില തൊഴുത്ത്

 15 സെന്റില്‍ 5,496 ചതുരശ്ര അടി, 3 നിലകള്‍

 ഗ്രൗണ്ട് ഫ്ലോര്‍ – പാല്‍ സംഭരണം, സംഘം ഓഫീസ്, കാലിത്തീറ്റ ഗോഡൗണ്‍

 ഒന്നാം നില – 70- 75 പശുക്കളെ പാര്‍പ്പിക്കാം

 രണ്ടാം നില – 30 -35 പശുക്കളെ പാര്‍പ്പിക്കാം

 തീറ്റ എത്തിക്കാന്‍ ലിഫ്റ്റ്, ജനറേറ്റര്‍ സൗകര്യം, ഫാനുകള്‍

 ചാണകം, മൂത്രം സംഭരണത്തിന് ടാങ്കുകള്‍

വെള്ളപ്പൊക്കമില്ലാത്തപ്പോള്‍ തീറ്റപ്പുല്‍, വൈക്കോല്‍ സംഭരണ കേന്ദ്രമായും, മുറികള്‍ യോഗങ്ങള്‍ക്കും ഉപയോഗിക്കും. അടുത്ത കൊയ്‌ത്തു മുതല്‍ കിട്ടുന്ന കച്ചി പരമാവധി ഇവിടെ സംഭരിക്കും.- സുജാത, ഡെയറി എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, ചമ്ബക്കുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular