Sunday, May 5, 2024
HomeGulfകുവൈത്ത് സര്‍ക്കാറിന്റെ രാജി അമീര്‍ അംഗീകരിച്ചു; പുതിയ സര്‍ക്കാര്‍ ഉടന്‍

കുവൈത്ത് സര്‍ക്കാറിന്റെ രാജി അമീര്‍ അംഗീകരിച്ചു; പുതിയ സര്‍ക്കാര്‍ ഉടന്‍

കുവൈത്ത് സിറ്റി : ദേശീയ അസംബ്ലിയുമായുള്ള തര്‍ക്കങ്ങളുടെ ഫലമായി രാജ്യത്ത് മറ്റൊരു സര്‍ക്കാറിന് കൂടി പരിസമാപ്തി.

സര്‍ക്കാര്‍ രൂപവത്കരിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടുമെന്ന് ഉറപ്പായി. തിങ്കളാഴ്ച സര്‍ക്കാറിന്റെ രാജി പ്രധാനമന്ത്രി കിരീടാവകാശിക്ക് സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ ദൈനംദിന അടിയന്തര കാര്യങ്ങള്‍ നടത്തുന്നതിന് കാവല്‍ സര്‍ക്കാറായി നിലവിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് അമര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

പൊതു ഫണ്ടുകള്‍ക്ക് വളരെ ചെലവേറിയതായി സര്‍ക്കാര്‍ കാണുന്ന ജനകീയ കരട് നിയമനിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എം.പിമാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സര്‍ക്കാറും എം.പിമാരും തമ്മിലുള്ള ബന്ധം വഷളായത്. അര ദശലക്ഷത്തിലധികം കുവൈത്ത് പൗരന്മാര്‍ പ്രാദേശിക ബാങ്കുകള്‍ക്ക് നല്‍കേണ്ട കോടിക്കണക്കിന് ദിനാര്‍ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ വാങ്ങണമെന്ന് നിയമനിര്‍മാണങ്ങളിലൊന്ന് ആവശ്യപ്പെടുന്നു. വ്യക്തിഗത, ഉപഭോക്തൃ, ഭവന വായ്പകളുടെ 14 ബില്യണ്‍ ദിനാറില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിനാല്‍ കരട് നിയമം വളരെ ചെലവേറിയതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതിനിടെ, ജനുവരി 10ന് ദേശീയ അസംബ്ലിയിലെ സമ്മേളനത്തില്‍നിന്ന് രണ്ട് മന്ത്രിമാര്‍ ഇറങ്ങിപ്പോയി. ധനമന്ത്രി അബ്ദുല്‍ വഹാബ് അല്‍ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അല്‍ ഷിത്താന്‍ എന്നിവര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാര്‍ അറിയിക്കുകയുമുണ്ടായി. ഇതിന് പിറകെയാണ് പ്രധാനമന്ത്രി രാജിവെക്കാനുള്ള നിലപാട് സ്വീകരിച്ചത്.

കൂടിയാലോചനകള്‍ ഉടന്‍

പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനായി കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് വൈകാതെ കൂടിയാലോചനകള്‍ ആരംഭിക്കും. സ്പീക്കര്‍ അഹമ്മദ് അല്‍ സദൂന്‍ മുന്‍ സ്പീക്കര്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും മന്ത്രിസഭ രൂപവത്കരിക്കാന്‍ ചുമതല നല്‍കുകയും ചെയ്യും. ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ് തന്നെ വീണ്ടും പ്രധാനമന്ത്രി ആയേക്കാം. അല്ലെങ്കില്‍ പകരക്കാരന്‍ വരും.

രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയ അസംബ്ലിയും വിവിധ സര്‍ക്കാറുകളും തമ്മിലുള്ള തുടര്‍ച്ചയായ പ്രതിസന്ധികളാല്‍ കുവൈത്ത് രാഷ്ട്രീയ അസ്ഥിരത നേരിടുന്നുണ്ട്. പലതവണ അസംബ്ലി ആവര്‍ത്തിച്ച്‌ പിരിച്ചുവിടുകയും നിരവധി മന്ത്രിസഭകള്‍ രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് എം.പിമാരും സര്‍ക്കാറും നല്ല ബന്ധത്തിലും സഹകരണത്തിലുമായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular