Tuesday, May 7, 2024
HomeIndiaമോശമായി മുടിവെട്ടി; മോഡലിന് രണ്ട് കോടി നഷ്ടപരിഹാരം വിധിച്ചത് അമിതമെന്ന് സുപ്രീംകോടതി, പുന:പരിശോധന

മോശമായി മുടിവെട്ടി; മോഡലിന് രണ്ട് കോടി നഷ്ടപരിഹാരം വിധിച്ചത് അമിതമെന്ന് സുപ്രീംകോടതി, പുന:പരിശോധന

ന്യൂഡല്‍ഹി : തെറ്റായ രീതിയില്‍ മുടിവെട്ടിയെന്ന മോഡലിന്‍റെ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍റെ നടപടി പുന:പരിശോധിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രീംകോടതി.

രണ്ട് കോടി രൂപ നഷ്ടപരിഹാരം അമിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്‍റെ വാദങ്ങള്‍ മാത്രം പരിഗണിച്ച്‌ തീരുമാനമെടുക്കരുതെന്നും കോടതി പറഞ്ഞു.

മോഡലിങ്ങിലും പരസ്യ മേഖലയിലുമുള്ള ഒരാളുടെ ജീവിതത്തില്‍ മുടിക്കുള്ള പ്രാധാന്യത്തെ കുറിച്ച്‌ ഉപഭോക്തൃ കമീഷന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍, നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ ഉപഭോക്താവിന്‍റെ വാദങ്ങള്‍ മാത്രം പരിഗണിച്ചാവരുത് -കോടതി ചൂണ്ടിക്കാട്ടി.

അഷ്ന റോയ് എന്ന മോഡലാണ് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും മുടി വളരുന്നതിന് നല്‍കിയ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചുവെന്നും കാണിച്ച്‌ ആഡംബര ഹോട്ടല്‍ ശൃംഖലയായ ഐ.ടി.സി മൗര്യക്കെതിരെയായിരുന്നു പരാതി.

2018 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുടിയുടെ നീളം കുറക്കാന്‍ വേണ്ടിയാണ് യുവതി ഹോട്ടലിലെത്തിയത്. മോഡലിന്റെ മുടി സ്ഥിരമായി മുറിക്കുന്ന സ്റ്റൈലിസ്റ്റിനെ ലഭ്യമല്ലെന്നും പകരം മറ്റൊരാളെ നല്‍കാമെന്നും സലൂണ്‍ അധികൃതര്‍ അറിയിച്ചു. പകരമായി നല്‍കിയ ജീവനക്കാരിയുടെ സേവനത്തില്‍ യുവതി നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ജീവനക്കാരി ജോലിയില്‍ മെച്ചപ്പെട്ടുവെന്നായിരുന്നു സലൂണ്‍ മാനേജരുടെ മറുപടി.

തുടര്‍ന്ന് മുടി മുറിക്കാന്‍ ജീവനക്കാരിക്ക് യുവതി അനുമതി നല്‍കി. മുടി എങ്ങനെ മുറിക്കണമെന്നത് സംബന്ധിച്ച്‌ യുവതി ജീവനക്കാരിക്ക് കൃത്യമായി നിര്‍ദേശം നല്‍കി. മുടി നാലിഞ്ച് വെട്ടാനും പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച്‌ മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച്‌ തോളൊപ്പമായി മുടിയുടെ നീളം. മുടി മുറിച്ചതിലെ അപാകതയെക്കുറിച്ച്‌ സലൂണ്‍ മാനേജരോട് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ മുടി കൂടുതല്‍ കേടായി. ചികിത്സക്ക് ഉപയോഗിച്ച രാസവസ്തു കാരണം തലയോട്ടിയിലെ ചര്‍മം കരിയുകയും തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് 2021 സെപ്റ്റംബറിലാണ് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധിച്ചത്. ഇതാണ് ഇപ്പോള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular