Tuesday, May 7, 2024
HomeKeralaമധുവിന് നീതി കിട്ടിയില്ലെന്ന് അമ്മയും സഹോദരിയും

മധുവിന് നീതി കിട്ടിയില്ലെന്ന് അമ്മയും സഹോദരിയും

പാലക്കാട് : അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയില്‍ ക്രൂരമായി കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍. കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു.

”14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്…” സഹോദരി സരസു പറഞ്ഞു.

”പോരാട്ടത്തിലൂടെ 14 പേര്‍ കുറ്റക്കാരാണ് എന്ന വിധി സമ്പാദിക്കാന്‍ സാധിച്ചു. രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി വരെ എത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകും. എന്നാല്‍ മധുവിന് നീതി കിട്ടിയില്ല. 16 പേരും ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് മധുവിന് പൂര്‍ണമായി നീതി കിട്ടുകയുള്ളൂ. എങ്കിലും 14 പേരെ ശിക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ആത്മവിശ്വാസത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകും. കേസില്‍ സഹായിച്ച അഗളി പൊലീസിലെ ഉദ്യോഗസരടക്കമുള്ളവരോട് നന്ദിയുണ്ട്…” സരസു വ്യക്തമാക്കി.

അതേസമയം പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം. ഐ.പി.സി 304-ാം വകുപ്പ് പാര്‍ട്ട് ടു പ്രകാരം പ്രതികള്‍ കുറ്റക്കാരെന്നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി കണ്ടെത്തിയത്. പരമാവധി പത്തു വര്‍ഷം വരെ തടവാണ് ഈ വകുപ്പു പ്രകാരമുള്ള ശിക്ഷ.

ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ പ്രതികള്‍. ഇതില്‍ പതിനാറാം പ്രതി മുനീര്‍ ഒഴികെയുള്ളവര്‍ക്കെതിരെ മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം  തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

16-ാം പ്രതി മുനീറിനെതിരെ മൂന്നു മാസം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. ഇത് ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍ പതിനാറാം പ്രതിയെ നാളെ മോചിപ്പിക്കും. ഒരു പ്രതി ഒഴികെയുള്ളവര്‍ക്കെതിരെ ഐ.പി.സി 326, 367, എസ് സി, എസ് ടി ആക്ട് 3 1ഡി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയും നാളെ വിധിക്കും.

കേസില്‍ ഐ.പി.സി 302 പ്രകാരമുള്ള കൊലക്കുറ്റം തെളിയിക്കാനായില്ലെന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക്  ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.

കേസില്‍ വെല്ലുവിളികള്‍ മറികടക്കാനായതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി. കൂറുമാറിയ സാക്ഷികള്‍ക്കെതിരായ നടപടികള്‍ തുടരും. ഇതില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു ക്രിമിനല്‍ കേസിനെയും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം ദുര്‍ബലപ്പെടുത്തും. ഇതു ജുഡീഷ്യല്‍ വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.

#Attappadi Madhu murder case.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular