Tuesday, May 7, 2024
HomeKeralaസംസ്ഥാനതല കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനതല കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിവിധ മേഖലകളിലെ വ്യക്തികള്‍, കൃഷി നടത്തുന്ന മികച്ച റസിഡന്റ്സ് അസോസിയേഷൻ, കോളേജ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മികച്ച സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പുരസ്കാരം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കൂടാതെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച കൃഷി ഭവൻ, കൃഷിക്കൂട്ടങ്ങള്‍ (ഉത്പാദന സേവന, മൂല്യവര്‍ധിത മേഖല), പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കായി പുതുതായി ആറ് പുരസ്ക്കാരങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുവിഭാഗത്തില്‍ 32, സംസ്ഥാന തലത്തിലെ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഉദ്യോഗസ്ഥര്‍ക്ക് മൂന്ന്, പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആറ്, ഒരു ജൈവകൃഷി സംസ്ഥാനതല പുരസ്കാരവും ഉള്‍പ്പെടെ ആകെ 42 പുരസ്ക്കാരങ്ങളാണ് കൃഷി വകുപ്പ് ഈ വര്‍ഷം മുതല്‍ നല്‍കുന്നത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനു നല്‍കുന്ന വി വി രാഘവൻ മെമ്മോറിയല്‍ അവാര്‍ഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികള്‍ക്കുള്ള മിത്രാ നികേതൻ, പത്മശ്രീ കെ. വിശ്വനാൻ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് എന്നിവയാണ് വ്യക്തികളുടെ സ്മരണാര്‍ത്ഥമുള്ള പുരസ്കാരങ്ങള്‍.

കേരളത്തില്‍ സ്ഥിരതാമസക്കാരായ പൗരന്മാര്‍ക്ക് അപേഷിക്കാം. കൃഷിഭവനുകള്‍ക്കും പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യാൻ കഴിയും. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സിഡി, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധരേഖകള്‍ എന്നിവ ഉള്‍പ്പെടെ ജൂലൈ 7ന് മുൻപായി സമീപത്തെ കൃഷിഭവൻ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതല്‍ വിവരങ്ങള്‍ക്കായും www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍ നമ്ബര്‍: 0484 2422224.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular