Sunday, May 5, 2024
HomeKeralaറഷ്യയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ മുങ്ങി മരണം; മകളെ വെള്ളത്തില്‍ ‌തള്ളിയിട്ടെന്ന് അമ്മ

റഷ്യയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ മുങ്ങി മരണം; മകളെ വെള്ളത്തില്‍ ‌തള്ളിയിട്ടെന്ന് അമ്മ

ലശേരി: റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തടാകത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം.
മുഴപ്പിലങ്ങാട് ദക്ഷിണയില്‍ പ്രത്യുഷ (24) മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേര്‍ളി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി.

വെള്ളത്തില്‍ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച്‌ വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേര്‍ളി അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതുവരെ മുന്നോട്ടുപോകുമെന്നും ഷേര്‍ളി ദീപികയോട് പറഞ്ഞു.

മകള്‍ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്‌ടര്‍ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാള്‍ക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേര്‍ളി ആരോപിക്കുന്നു. ഈ യൂണിവേഴ്സിറ്റിയില്‍നിന്ന് നേരത്തെ ആറു പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം പാലക്കാട് സ്വദേശിയായ ഒരു പെണ്‍കുട്ടിക്കും മുൻ വര്‍ഷങ്ങളില്‍ നാലുകുട്ടികള്‍ക്കുമാണ് ജീവൻ നഷ്‌ട‌പ്പെട്ടത്. വെള്ളക്കെട്ടിനു സമീപം മകള്‍ സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ചിത്രം ലഭിച്ചിരുന്നു. മറ്റുള്ളവര്‍ സ്വിമ്മിംഗ് ഡ്രസിലായിരുന്നു. ചിത്രത്തില്‍ മകളുടെ കാല്‍പാദം മാത്രമാണ് നനഞ്ഞിരുന്നത്.

സംഭവം നടന്ന ദിവസം മറ്റു കുട്ടികള്‍ക്കു വന്ന ചില ഫോണ്‍ കോളുകളും ദുരൂഹത ഉളവാക്കുന്നതാണ്. സഹപാഠികളില്‍ ചിലരുടെ അമിത മദ്യപാനം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ മകള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്‍റെ വിരോധത്തില്‍ യൂണിവേഴ്സിറ്റി ഡയറക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേര്‍ളി ആരോപിച്ചു.

സംഭവം നടന്നശേഷം കുട്ടികളെ താൻ വിളിച്ചു ചോദിച്ചപ്പോള്‍ പറ്റിപ്പോയി എന്നാണ് ആദ്യം പറഞ്ഞതെന്ന് അമ്മ വേദനയോടെ പറയുന്നു. തന്‍റെ മകളെ നിര്‍ബന്ധിച്ച്‌ കൊണ്ടുപോയതാണ്. വരുന്നില്ല എന്നവള്‍ പറഞ്ഞത് മറ്റൊരു കുട്ടി കേട്ടതാണ്. ആ സഹപാഠി തന്നോട് ഇക്കാര്യം പറഞ്ഞതായി മാതാവ് ഷേര്‍ളി പറയുന്നു. പറ്റിപ്പോയി എന്ന് എന്നോട് പറഞ്ഞ കുട്ടികള്‍ അവളുടെ കൂടെ പോകാതിരുന്നവരാണെന്നും ഷേര്‍ളി പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 24-നാണ് പ്രത്യുഷ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. എട്ടു കുട്ടികളാണു സംഘത്തില്‍ ഉണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവര്‍. സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. കഴിഞ്ഞമാസം നാട്ടിലേക്കു വരാനിരിക്കെയാണ് പ്രത്യുഷയെ അപ്രതീക്ഷിതമായി മരണം കൊണ്ടുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular