Tuesday, May 7, 2024
HomeKeralaഭാഗ്യം തുണച്ചില്ല; നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില

ഭാഗ്യം തുണച്ചില്ല; നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ആദ്യ പകുതിയില്‍ നെസ്റ്റര്‍ റോജറിന്റെ (12-ാം മിനിറ്റ്) ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ ഡാനിഷ് ഫാറൂഖിന്റെ (49-ാം മിനിറ്റ്) ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തളയ്ക്കുകയായിരുന്നു.

ഗോള്‍ എന്ന് ഉറച്ച രണ്ടു ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതിന്റെ നിര്‍ഭാഗ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച വിജയം തടഞ്ഞത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയത്. ആദ്യ 20 മിനിറ്റു പിന്നിട്ടപ്പോള്‍ ഒന്നിലേറെ ഗോളവസരങ്ങള്‍ പോസ്റ്റില്‍ തട്ടി ബ്ലാസ്റ്റേഴ്‌സിനു നഷ്ടപ്പെട്ടു. 24-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം യാസിര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്വാമി പെപ്രയെ പോസ്റ്റിനു തൊട്ടുമുന്നില്‍വച്ച്‌ വീഴ്ത്തിയിട്ടും റഫറി പെനല്‍റ്റി അനുവദിച്ചില്ല.12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തി.

ആദ്യ പകുതിയില്‍ ഗോള്‍ നേടുന്നതിനായി ദിമിത്രിയോസ് ഡയമെന്റകോസും ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയും കഠിന പരിശ്രമം തന്നെ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. 43-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്തേക്ക് അഡ്രിയന്‍ ലൂണ തൊടുത്ത തകര്‍പ്പനൊരു ക്രോസ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം ക്വാമെ പെപ്രയ്ക്കു ഹെഡ് ചെയ്യാന്‍ സാധിക്കാതെ പോയി. ഇതോടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി.

ഫ്രീകിക്കില്‍ നിന്ന് ബോക്‌സിലേക്ക് അഡ്രിയന്‍ ലൂണ നല്‍കിയ ക്രോസ് തലകൊണ്ടു തഴുകി വലയിലെത്തിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ കശ്മീര്‍ താരം ഡാനിഷ് ഫറൂഖ്. സ്‌കോര്‍ 1-1.ലീഡ് നേടുക ലക്ഷ്യമിട്ട് അവസാന മിനിറ്റുകളില്‍ മലയാളി താരം കെ പി രാഹുലിനെയും ബ്ലാസ്റ്റേഴ്‌സ് ഇറക്കിയെങ്കിലും മത്സരത്തില്‍ മൂന്നാമതൊരു ഗോള്‍ പിറന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular