Thursday, May 2, 2024
HomeKeralaരാജ്യത്തിന്‍റെ യശസ്സുയര്‍ത്താൻ എല്ലാവരും ശ്രമിക്കണം -ഹമദ് രാജാവ്

രാജ്യത്തിന്‍റെ യശസ്സുയര്‍ത്താൻ എല്ലാവരും ശ്രമിക്കണം -ഹമദ് രാജാവ്

നാമ: സഖീര്‍ പാലസില്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികളില്‍ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ഹമദ് രാജാവ് ദേശീയദിന സന്ദേശം നല്‍കി.

ബഹ്റൈൻ ഒറ്റകുടുംബം പോലെ സാഹോദര്യത്തിലും ഐക്യത്തിലും പരസ്പര സ്നേഹത്തിലും മുന്നോട്ടുപോകാൻ സാധിക്കണമെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍റെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിനമാണിത്. ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ച്‌, രാജ്യത്തിന്‍റെ യശസ്സുയര്‍ത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിലും ശാന്തിയിലും സന്തോഷത്തിലും കഴിയുന്ന ഒരു ജനതയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുരോഗതിയും വളര്‍ച്ചയും നേടിയെടുക്കാൻ സാമധാനപൂര്‍ണമായ അന്തരീക്ഷം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതമായ മാനവിക ബോധവും സാംസ്കാരികമായ ഔന്നത്യവും ബഹ്റൈനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളാണ്. രാജ്യത്തോട് കൂറും സ്നേഹവും പ്രകടിപ്പിക്കുന്ന ജനങ്ങളാല്‍ സമ്ബുഷ്ടമാണീ ദേശം. തങ്ങളുടെ അധ്വാന പരിശ്രമങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വളര്‍ച്ചക്കുമായി സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവനാളുകള്‍ക്കും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. നാം വിതച്ച വിത്തുകളുടെ ഫലം കൊയ്തെടുത്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ഉന്നതമായ ആത്മാഭിമാനത്തോടെയും ഉയര്‍ന്ന അന്തസ്സോടെയും സുഭിക്ഷതയോടെയും സമാധാനത്തോടെയും നമുക്കീ രാജ്യത്ത് ജീവിക്കാൻ കഴിയേണ്ടതുണ്ട്. അതിനായി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട ഫലസ്തീനികളെ ഓര്‍ത്തുകൊണ്ടാണ് ഹമദ് രാജാവ് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്. തട്ടിയെടുക്കപ്പെട്ട അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളേണ്ടത് ബഹ്റൈന്‍ അതിന്‍റെ ഉത്തരവാദിത്തമായി മനസ്സിലാക്കുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്നതാണ് പ്രശ്ന പരിഹാരമെന്നതാണ് ബഹ്റൈൻ നിലപാട്. അതില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം വിവിധ തലങ്ങളില്‍ നേട്ടം കൈവരിച്ചവരെ മെഡലുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയും സദസ്സിനെ അഭിസംബോധന ചെയ്തു.

ഫൗസിയ ബിൻത് അബ്ദുല്ല സൈനല്‍, റഷീദ് ബിൻ മുഹമ്മദ് അല്‍ മിഅ്റാജ്, ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ അബ്ദുല്ല ബനീ ഹമ്മാദ്, ബ്രിഗേഡിയര്‍ ശൈഖ് ഫഹദ് ബിൻ ഖലീഫ ആല്‍ ഖലീഫ, ബ്രിഗേഡിയര്‍ ഫവാസ് ഈസ അല്‍ ഹസൻ, ശൈഖ് ഖാലിദ് ബിൻ റാശിദ് ബിൻ അബ്ദുല്ല ആല്‍ ഖലീഫ, കേണല്‍ മുഹമ്മദ് മുബാറക് അല്‍ റുമൈഥി, ഹസൻ അലി ജാസിര്‍ അല്‍ മരി, ഡോ. അബ്ദുറഹ്മാന മുഹമ്മദ് ബഹര്‍, ശൈഖ് ഖലീഫ ബിൻ അലി ആല്‍ ഖലീഫ, ഡോ. ഖലീഫ ബിൻ അലി അല്‍ ഫാദില്‍, മുഹമ്മദ് സൈഫ് ശൈഖാൻ, ശൈഖ് മശ്അല്‍ ബിൻ മുഹമ്മദ് ആല്‍ ഖലീഫ, ഖലീല്‍ അബ്ദുറസൂല്‍ ബുച്ചീരി, സഹര്‍ റാശിദ് അല്‍ മന്നാഇ, ഡോ. മുഹമ്മദ് ഗസ്സാൻ ശൈഖു, ബത്സി ബൻതീത് മാസൂസൻ അബ്ദുറഹ്മാൻ, ശഹ്നാസ് ജാബിര്‍ ഹാജി ജമാല്‍, അബ്ദുല്‍ വഹാബ് യൂസുഫ് അല്‍ ഹവാജ്, ഖാലിദ് മുഹമ്മദ് നജീബി, സല്‍വ ബഖീത് ഇദ്രീസ് ബഖീത്, ജാസിം അഹ്മദ് ബൂ സാലിഹ്, ശൈഖ് മആദ് ബിൻ ദുഐജ് ആല്‍ ഖലീഫ, മുഹമ്മദ് സാലിഹ് അല്‍ കഅ്ബി, ഇസ്മത് ജഅ്ഫര്‍ അക്ബര്‍ തുടങ്ങി 53 പേരെ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular