Sunday, May 5, 2024
HomeIndiaബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടം സ്വന്തമാക്കി

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടം സ്വന്തമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടം സ്വന്തമാക്കി.

ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി 113 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ആര്‍.സി.ബി. കളി തീരാന്‍ മൂന്ന്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. എലിസ്‌ പെറി (37 പന്തില്‍ 35), റിച്ചാ ഘോഷ്‌ (14 പന്തില്‍ 17) എന്നിവര്‍ ചേര്‍ന്നാണു ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത്‌.

ഡല്‍ഹി ക്യാപിറ്റല്‍സ്‌ ബാറ്റിങ്‌ തകര്‍ച്ച നേരിട്ടു. ടോസ്‌ നേടിയ ഡല്‍ഹി നായിക മെഗ്‌ ലാനിങ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. 27 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 44 റണ്ണെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മ മാത്രമാണു പിടിച്ചു നിന്നത്‌. ഓപ്പണര്‍ കൂടിയായ ലാനിങും (23 പന്തില്‍ 23 ) ഷഫാലിയും ചേര്‍ന്ന്‌ 64 റണ്ണെടുത്തു ഡല്‍ഹിക്കു മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ അഞ്ചാം ഓവറില്‍ 50 കടന്നു. ഷഫാലി വര്‍മയെ ജോര്‍ജിയ വാര്‍ഹെമിന്റെ കൈയിലെത്തിച്ച സോഫി മോളിനക്‌സ് ജെമീമ റോഡ്രിഗസിനെയും (0) അലീസ്‌ കാപ്‌സെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വിക്കറ്റ്‌ വേട്ട തുടങ്ങി. മൂന്നിന്‌ 64 റണ്ണെന്ന നിലയില്‍ പതറിയ ഡല്‍ഹിക്കു തിരിച്ചു വരാന്‍ സമയം കിട്ടിയില്ല.

ലാന്നിങിനെ ശ്രേയങ്ക പാട്ടീല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മാരിസാ കാപ്‌ (എട്ട്‌), ജെസ്‌ ജോനാസന്‍ (മൂന്ന്‌) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി മലയാളി താരം ആശാ ശോഭനയും ഫൈനലില്‍ തന്റെ സംഭാവന നല്‍കി. ആശ മൂന്ന്‌ ഓവറില്‍ 14 റണ്‍ വഴങ്ങിയാണു രണ്ട്‌ വിക്കറ്റെടുത്തത്‌. മലയാളി താരം മിന്നു മണി (അഞ്ച്‌),അരുന്ധതി റെഡ്‌ഡി (10), താനിയ ഭാട്ടിയ (0) എന്നിവരെ ശ്രേയങ്ക പാട്ടീല്‍ പുറത്താക്കി. 3.3 ഓവറില്‍ 12 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീല്‍ ആര്‍.സി.ബി. ബൗളര്‍മാരില്‍ മികച്ചുനിന്നു.

സോഫി മോളിനക്‌സ് നാല്‌ ഓവറില്‍ 20 റണ്‍ വഴങ്ങിയാണു മൂന്ന്‌ വിക്കറ്റെടുത്തത്‌. രാധാ യാദവ്‌ (ഒന്‍പത്‌ പന്തില്‍ 12) റണ്ണൗട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സിന്‌ നായിക സ്‌മൃതി മന്ദാനയും (39 പന്തില്‍ 31) സോഫി ഡെവിനും (27 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 32) മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 49 തില്‍ നില്‍ക്കേ ഡെവിനെ ശിഖ പാണ്ഡെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ടീം സ്‌കോര്‍ 82 നില്‍ക്കേ മന്ദാനയെ മിന്നു മണി അരുന്ധതി റെഡ്‌ഡിയുടെ കൈയിലെത്തിച്ചു. മിന്നുവിന്റെ ആദ്യ ഓവറില്‍ തന്നെയാണു വിക്കറ്റ്‌ വീണത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular