Saturday, April 27, 2024
Homerussiaയുഎഇ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി; പണം കിട്ടാതെ റഷ്യന്‍ എണ്ണ കമ്ബനികള്‍, ഇത് ഉഗ്രന്‍ പൂട്ട്

യുഎഇ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി; പണം കിട്ടാതെ റഷ്യന്‍ എണ്ണ കമ്ബനികള്‍, ഇത് ഉഗ്രന്‍ പൂട്ട്

മോസ്‌കോ: വില കുറച്ച്‌ പണമുണ്ടാക്കാന്‍ ശ്രമിച്ച റഷ്യയുടെ എണ്ണ കമ്ബനികള്‍ക്ക് വന്‍ തിരിച്ചടി. വിദേശത്ത് നിന്ന് റഷ്യയിലേക്ക് പണം അയക്കാന്‍ പ്രയാസം.

യുഎഇയില്‍ ഉള്‍പ്പെടെ റഷ്യയിലേക്ക് അയക്കുന്ന പണത്തിന് കര്‍ശനമായ പരിശോധന തുടരുകയാണ്. ഇതോടെ റഷ്യന്‍ കമ്ബനികള്‍ക്ക് പണം ലഭിക്കാന്‍ ഏറെ വൈകുന്നു. വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് റഷ്യയെ നയിക്കുന്ന ഈ നീക്കത്തിന് കാരണം അമേരിക്കന്‍ ഉപരോധമാണ്.

യുക്രൈനെതിരായ യുദ്ധം തുടങ്ങിയ ശേഷം രണ്ട് തരത്തിലുള്ള പ്രതിസന്ധിയാണ് അമേരിക്ക റഷ്യയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയുടെ എണ്ണയും വാതകവും വാങ്ങിയിരുന്ന യൂറോപ്പിനെ ആദ്യം പിന്തിരിപ്പിക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ റഷ്യയുടെ പ്രധാന വരുമാന മാര്‍ഗം അടയുമെന്ന് അമേരിക്ക കരുതി. എന്നാല്‍ ബദല്‍ വില്‍പ്പന കേന്ദ്രങ്ങള്‍ അതിവേഗം കണ്ടെത്തുകയായിരുന്നു റഷ്യ.

ചൈന, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് റഷ്യ കൂടുതലായി എണ്ണ വില്‍ക്കാന്‍ തയ്യാറായി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ചെലവാണ്. ഇതേ തുടര്‍ന്ന് ഇന്ത്യ ആദ്യം മടിച്ചെങ്കിലും വില കുറച്ച്‌ നല്‍കാമെന്ന വാഗ്ദാനം റഷ്യ മുന്നോട്ടുവച്ചു. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്.

റഷ്യയുമായി നേരിട്ടുള്ള പണമിടപാട് നടത്തുന്ന രാജ്യങ്ങള്‍ വിരളമാണ്. യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ വഴി ഇടപാട് നടത്തുന്നവരുമുണ്ട്. ഈ വേളയിലാണ് അമേരിക്ക ചില റഷ്യന്‍ എണ്ണ കമ്ബനികളുമായി ഇടപാട് നടത്തുന്നത് തടഞ്ഞത്. ഇവരുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ബാരലിന് 60 ഡോളറിനേക്കാള്‍ വില കുറച്ച്‌ റഷ്യ എണ്ണ വില്‍ക്കുന്നത് തടയുകയും ചെയ്തു.

പ്രതിസന്ധി ഘട്ടത്തില്‍ പലപ്പോഴും റഷ്യയെ സഹായിക്കാനെത്തിയ ചൈനയിലെ ബാങ്കുകളും പണമയക്കുന്നതില്‍ നിരീക്ഷണം ശക്തമാക്കി എന്നാണ് പുതിയ വിവരം. അമേരിക്കന്‍ ഉപരോധം ഭയന്ന് ചൈന, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളിലെ ബാങ്കുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ റഷ്യയിലേക്ക് എണ്ണയുടെ പണമെത്തുന്നത് മാസങ്ങള്‍ വൈകിയാണ്. ഇത് റഷ്യയുടെ വരുമാനത്തിനെ സാരമായി ബാധിക്കുകയും ചെയ്തു.

ചില വിദേശ ബാങ്കുകള്‍ റഷ്യയിലേക്ക് പണമയക്കാനുള്ള ആവശ്യം നിരസിക്കുന്നുണ്ട്. അമേരിക്ക കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്ബനികള്‍ക്കും വ്യക്തികള്‍ക്കുമല്ല പണമയക്കുന്നത് എന്ന് എഴുതി വാങ്ങുകയാണ് ബാങ്കുകള്‍. യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവ റഷ്യന്‍ ബന്ധമുള്ള നിരവധി അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തു.

തുര്‍ക്കിയുടെ സിറാഅത്ത്, വാക്കിഫ് ബാങ്ക്, ചൈനയുടെ ഐസിബിസി, ബാങ്ക് ഓഫ് ചൈന എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ റഷ്യയുമായി സാമ്ബത്തിക ഇടപാട് നടത്തുന്നുണ്ടെങ്കിലും പരിശോധന കര്‍ശനമാക്കി. അതുകൊണ്ടുതന്നെ മാസങ്ങളോളം വൈകിയാണ് പണം റഷ്യയിലെത്തുന്നത്. പണമിടപാട് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular