Wednesday, May 1, 2024
HomeAsiaഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് ആശങ്ക

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് ആശങ്ക

ടെല്‍ അവീവ്: വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഇസ്രയേലിന്റെ പരിഗണനയിലെന്ന് അഭ്യൂഹം.

എന്നാല്‍, ആക്രമണം എപ്പോഴുണ്ടാകുമെന്നും എങ്ങനെയായിരിക്കുമെന്നതും സംബന്ധിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് യു.എന്നിന്റെ ഇന്റർനാഷണല്‍ അറ്റോമിക് എനർജി ഏജൻസിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്രയേല്‍ തിരിച്ചടി പ്രതീക്ഷിച്ച്‌ ഞായറാഴ്ച ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ അടിച്ചിട്ടെന്നും 24 മണിക്കൂറിനുള്ളില്‍ വീണ്ടും തുറന്നെന്നും ഏജൻസി അറിയിച്ചു. ഇറാന്റെ ആണവ ഗവേഷകരെയും ഇസ്രയേല്‍ മുമ്ബ് ലക്ഷ്യമാക്കിയിട്ടുണ്ട്.

2020ല്‍ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്രജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മുതല്‍ ഭൂഗർഭ യുറേനിയം സമ്ബുഷ്ടീകരണ കേന്ദ്രങ്ങള്‍ വരെ ഇസ്രയേല്‍ ലക്ഷ്യമാക്കിയേക്കാം. അതേ സമയം, ചെറിയ തിരിച്ചടിക്ക് പോലും ഭീമമായ പ്രതികരണമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മുന്നറിയിപ്പ് നല്‍കി.

ആക്രമണം കടുപ്പം

നതാൻസിലും ഫോർഡോയിലുമാണ് ഇറാനിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രങ്ങള്‍. അരക്, എസ്ഫഹാൻ എന്നിവയും അറിയപ്പെടുന്ന കേന്ദ്രങ്ങളാണ്. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റർ അകലെ തെക്കുകിഴക്കായുള്ള പാർചിൻ സൈനിക ഗവേഷണ കേന്ദ്രത്തില്‍ ഇറാൻ ആണവായുധ ഗവേഷണങ്ങള്‍ നടത്തുന്നെന്ന് ആരോപണം ഉയർന്നിരുന്നു.

നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ രഹസ്യ ടണലുകള്‍ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശക്തമായ പ്രതിരോധ വലയത്തിനുള്ളിലാണ് രണ്ടിടങ്ങളും. ഭൂമിയ്ക്കുള്ളിലേക്ക് തുളച്ചുകയറാൻ കഴിയുന്നതോ ഭൂഗർഭ ബങ്കറുകളെ തകർക്കാൻ ശേഷിയുള്ളതോ ആയ ഭീമൻ ബോംബുകള്‍ക്കേ ഈ കേന്ദ്രങ്ങള്‍ തകർക്കാനാകൂ.

യു.എസിന്റെ ജി.ബി.യു – 57 ഇതിന് ഉദാഹരണമാണ്. ഇത് നിലവില്‍ ഇസ്രയേലിന്റെ പക്കലില്ല. എന്നാല്‍, ഗുരുതര കേടുപാടുകള്‍ സൃഷ്ടിക്കാൻ ശേഷിയുള്ള ചെറിയ ജി.ബി.യു – 72 ഇസ്രയേലിന്റെ പക്കലുണ്ട്. ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ബൊണാബ് അറ്റോമിക് എനർജി റിസേർച്ച്‌ സെന്ററിനെയും ലക്ഷ്യമാക്കാമെന്ന് അഭ്യൂഹമുണ്ട്.

ഉപരോധം

വ്യോമാക്രമണത്തിന് മറുപടിയായി ഇറാന് മേല്‍ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസും യൂറോപ്യൻ യൂണിയനും അറിയിച്ചു. ഏപ്രില്‍ ഒന്നിന് സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റ് തകർത്തതിന് പ്രതികാരമായാണ് ഞായറാഴ്ച പുലർച്ചെ ഇസ്രയേലിന് നേരെ ഇറാൻ മണ്ണില്‍ നിന്ന് വ്യോമാക്രമണുണ്ടായത്. ഇറാൻ വിക്ഷേപിച്ച 99 ശതമാനം ഡ്രോണുകളും മിസൈലുകളും യു.എസിന്റെയും യു.കെയുടെയും ജോർദ്ദാന്റെയും സഹായത്തോടെ ഇസ്രയേല്‍ തകർത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular