Monday, May 6, 2024
HomeKeralaതൃക്കാക്കരയില്‍ അങ്കത്തട്ടുണരുന്നു ; അണിയറ ചര്‍ച്ചകള്‍ സജീവം

തൃക്കാക്കരയില്‍ അങ്കത്തട്ടുണരുന്നു ; അണിയറ ചര്‍ച്ചകള്‍ സജീവം

പി.ടി തോമസിന്റെ മരണത്തോടെ തൃക്കാക്കര അസംബ്ലി മണ്ഡലം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മറ്റൊരു ബലാബലത്തിനു കൂടി വേദിയാവുകയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയിലും തെരഞ്ഞെടുപ്പ് നടക്കാനാണ് നിലവിലെ സാധ്യത.

ഇതിനാല്‍ തന്നെ മൂന്നുമുന്നണികളും കാര്യങ്ങള്‍ ഇനി വെച്ചുതാമസിപ്പിക്കേണ്ടെന്ന നിലപാടിലാണ്. 2011 ലെ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ അന്ന് തൃപ്പൂണിത്തറ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂറേ സ്ഥലങ്ങളും കൊച്ചി കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന 23 വാര്‍ഡുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ചാണ് തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലം രൂപീകരിച്ചത്.

കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തൃപ്പൂണിത്തറയെന്ന കാര്യത്തില്‍ സംശയമില്ല. 2011 ലെ പുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഉയരുകയാണുണ്ടായത്. 2011 ല്‍ ബെന്നി ബെഹന്നാനും 2016 ലും 2021 ലും പി.ടി. തോമസും യുഡിഎഫ് ടിക്കറ്റില്‍ കാര്യമായ വെല്ലുവിളികളില്ലാതെ ഇവിടെ നിന്നും ജയിച്ചു കയറി.

ഇതിനാല്‍ തന്നെ മണ്ഡലം നിലനിര്‍ത്താനാകുമെന്നതില്‍ കോണ്‍ഗ്രസിന് സംശയമില്ല. ഒപ്പം നിലവില്‍ പിടിയുടെ മരണത്തോടെ രൂപപ്പെട്ട സഹതാപ തരംഗവും കൂടിയാകുമ്പോള്‍ വന്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിടയില്‍ ഗ്രൂപ്പ് കളികള്‍ ഒഴിവാക്കാനും പരമാവധി വോട്ടുകള്‍ സമാഹരിക്കാനും പിടിയുടെ ഭാര്യക്ക് തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുന്‍തൂക്കം.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് താനൊരിക്കലും മത്സരിക്കില്ല എന്ന് പിടിയുടെ ഭാര്യ ഉമ ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തന്നെയെത്താനാണ് സാധ്യത. എന്നാല്‍ കുടുംബരാഷ്ട്രീയം പിടിയുടെ ആദര്‍ശങ്ങള്‍ക്കെതിരാണെന്ന മറുപക്ഷ പ്രചരണം ഉണ്ടാകാനുള്ള സാധ്യതയും യുഡിഎഫ് പരിഗണിച്ചേക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുമ്പ് പിടി തോമസിനോട് മത്സരിച്ച ഡോ.ജെ ജേക്കബിന്  സാധ്യതയുണ്ടെങ്കിലും കഴിഞ്ഞ തവണ തൃപ്പൂണിത്തറയില്‍ പരാജയപ്പെട്ട എം .സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായതിനാല്‍ തന്നെ വിജയിക്കേണ്ടത് സര്‍ക്കാരിന്റെ ഇമേജിന്റെ പ്രശ്‌നമാണ്. ഇതിനാല്‍ തന്നെ സ്വരാജിനെപ്പോലുള്ള കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങാനാണ് സാധ്യത. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിന്റെ ആവേശവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാമെന്ന് ഇടതുപക്ഷം കരുതുന്നു.

ഉത്തര്‍പ്രദേശ് അടക്കമുള്ള സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടക്കുന്നതിനാല്‍ കരുത്തനായ സാരഥിയെ തന്നെയിറക്കി സ്റ്റാര്‍ ക്യാംപയിന്‍ നടത്തി പരമാവധി വോട്ട് സമാഹരിക്കാനാണ് ബിജെപിയുടെ പദ്ധതി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിയ്ക്ക് ഇവിടെ 59,839 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബിന് 45,510 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്ക് 15,483 വോട്ടും ട്വന്റി-ട്വന്റിക്ക് 13897 വോട്ടും ലഭിച്ചു. 14,329 വോട്ടുകളായിരുന്നു പിടിയുടെ ഭൂരിപക്ഷം.

കിഴക്കമ്പലത്തെ അതിഥി തൊഴിലാളി വിഷയമടക്കം സംസ്ഥാനത്ത് ചര്‍ച്ചയായ സാഹചര്യത്തില്‍ ഇത്തവണ ട്വന്റി-ട്വന്റിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് മറ്റ് മുന്നണികളുടെ കണക്കുകൂട്ടല്‍. എന്തായാലും വരും ദിവസങ്ങില്‍ തൃക്കാക്കരയിലെ രാഷ്ട്രീയ ചൂട് അതിന്റെ പരമാവധിയിലേയ്ക്ക് കുതിക്കുമെന്നതില്‍ തര്‍ക്കമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular