Monday, May 6, 2024
HomeEditorialശ്രീജക്ക്‌ വായിക്കാൻ

ശ്രീജക്ക്‌ വായിക്കാൻ

‘നീ തരുമെങ്കിൽ കുടിക്കാം കൊടുംവിഷം
നീറിയൊടുങ്ങിടാമേതുമിത്തീയിലും”

തേച്ചിട്ടു പോയവരെയോര്‍ത്ത് ഈ ചുള്ളിക്കാട് വരികൾ ഉരുവിടാൻ എനിക്ക് കിട്ടിയ ഊർജ്ജം ഈ ഭൂമിയിൽ ജനിച്ചതിന്റെ പുണ്യം ആണ്. ഭൂമി മനോഹരി ആണ്, ക്ഷമയുടെ ദേവിയാണ്, ദയയുടെ
ഇരിപ്പിടം ആണ്. നെഞ്ചിൽ ചോരപൊടിയുന്ന വൃണങ്ങളുമായി പുളയുന്ന എന്നെ അവൾ ചേർത്തുനിർത്തുന്നു. അവൾക്കറിയാം
രക്തം വാർന്നൊഴുകുന്ന എന്റെ ഹൃദയഭിത്തികളുടെ മുറിവായിൽ പുരട്ടുവാൻ മറ്റൊരു ലേപനമില്ലെന്ന്‌ .

ഞാനിന്നുമോർക്കുന്നു. ഒരു പ്രസാദസുന്ദരമായ പ്രഭാതത്തിൽ ഒരു
പുലർകാലപുഷ്പത്തിന്റെ നൈർമ്മല്യത്തോടെ എന്റെ സങ്കല്പതീരത്ത് നീ തുഴഞ്ഞടുത്തു. എന്റെ എല്ലാ വിരസതകൾക്കും വിരാമമിടുവാൻ വിരുന്നുവന്ന നിനക്ക്
മുഴുവൻ ഹൃദയവിശുദ്ധിയോടെ ഞാനെന്റെ മനസ്സിൽ മണിയറയൊരുക്കി. അവിടെ നമ്മൾ ആത്മനിവേദനങ്ങളുടെ പുതിയ ഭാഷ കണ്ടെത്തി. മനുഷ്യന്റെ അർത്ഥശൂന്യമായ നിബന്ധനകളെ മറികടന്ന്‌ നിന്റെ മനസ്സിന്റെ മാറിൽ ഞാൻ പിണഞ്ഞപ്പോൾ പ്രണയതുടിപ്പോടെ നീയെന്നെ ചേർത്തുപിടിച്ചു, രതിസങ്കല്പങ്ങളുടെ പത്മക്കുളത്തില്‍ അനുഭൂതികളുടെ ആറാട്ടിനായി.  മോഹങ്ങൾ ആര്‍ത്തലച്ച് പെരുമ്പറകൊട്ടി പെരുമഴയായി പെയ്തിറങ്ങിയപ്പോൾ നീയെൻറെ കർണ്ണപുടങ്ങളിൽ സ്നേഹാർദ്രമായി മന്ത്രിച്ചുഃ

”ഇതെല്ലാം ഒന്നെഴുതിത്തരുമോ ഒരിക്കൽ ശ്രീജക്ക്‌ വായിക്കാൻ”

നിന്റെ തിരിഞ്ഞുനടപ്പിൽ ഞാൻ
തിരിച്ചറിഞ്ഞു നീയൊരു നിഴലാണെന്ന്‌ . അടുക്കുംതോറും അകലുന്ന നിഴൽ… പാലപ്പൂവിന്റെ
ഗന്ധമുള്ള നിഴൽ. ഒരു നിഴലായി വന്ന്‌ എന്റെ ഉൾത്തളത്തിലെ കൽവിളക്കിൽ സ്നേഹത്തിന്റെ
നാളം പകർന്ന പെൺചിരാതെ, എന്റെ കരളിൽ അഗ്നി പടർത്തി നീ
കടന്നുപോയെങ്കിലും നിന്റെ ഓർമ്മകൾ എന്നുമുണ്ടാകും എനിക്ക് ഈ ഭൂമിയിൽ ഇടം ഉള്ളിടത്തോളം കാലം.

നീ എന്നെ വിഡ്ഢിയുടെ വേഷം കെട്ടിച്ച് ഓടിയകന്നു. അതിനുശേഷമുള്ള ഓരോ രാവുകളിലും അവ്യക്തമായ ദുസ്വപ്നങ്ങള്‍ എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. പക്ഷെ, ഇന്നലെ രാത്രിയിൽ ഞാൻ കണ്ടത് മരണത്തിന്റെ തണുപ്പുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം. അക്കൽദാമയുടെ ആകാശത്ത് ശവംതീനികഴുകന്മാർ വട്ടമിട്ടുപറക്കുന്നു. താഴെ കണ്ണെത്താദൂരം ചെങ്കൽമണ്ണിൽ വെളുപ്പും കറുപ്പുമായ ശവമാടങ്ങൾ .  ജീവനുള്ളതും ജീവനറ്റതുമായ മനുഷ്യരുടെ നഗ്നദേഹങ്ങളും ശവഭൂമിയിൽ അങ്ങിങ്ങായി അടക്കം കാത്തുകിടക്കുന്നു .  മരണം ഉറപ്പു വരുത്താൻ ആയിരിക്കാം ആകാശത്ത് കഴുകന്മാർ ഊഴം കാത്തുപറക്കുന്നത്‌ . അക്കല്‍ദാമയ്ക്കപ്പുറത്തെ ഹിന്നോം താഴ്‌വരയുടെ തെക്കുഭാഗത്തുള്ള കുശവന്റെ പഴയ വീടുവാങ്ങി നമ്മൾ പുതിയൊരു കൊട്ടാരം പണിതു. വെണ്ണക്കല്ലുകൾ പതിച്ച കൊട്ടാരത്തിന് തങ്കം പൂശിയ അകത്തളങ്ങൾ. അവിടെ ഞാനും നീയും നമ്മുടെ മക്കളും. എന്റെ അറുപതാം പിറന്നാളിന് സമ്മാനമായി നീ തെരഞ്ഞെടുത്തത് നമ്മൾ കുടുംബസമേതം ഉൾക്കടലിലൂടെ ഒരു ഉല്ലാസയാത്ര. അങ്ങനെ ആഹ്ലാദകരമായ ആ ദിനം വന്നെത്തി. നീയും മക്കളും എനിക്ക് ജന്മദിനമംഗളാശംസകൾ നേർന്നു. നമ്മൾ പുറപ്പെട്ടു ഉല്ലാസനൗകയിൽ. കടലിലൂടെ ഏതോ ഒരു മനോഹര ദ്വീപിലേക്കാണ് യാത്ര. യാത്രയുടെ തുടക്കം ആനന്ദകരമായിരുന്നു. ഉൾക്കടലിലേക്ക് കടന്നപ്പോൾ കടൽ ക്ഷോഭിക്കാൻ തുടങ്ങി. നൗക ലക്‌ഷ്യം തെറ്റി കടലിലൂടെ  അലഞ്ഞു. ദിവസങ്ങൾ ഭീതി പരത്തി കടന്നുപോയിക്കൊണ്ടിരുന്നു .  ഭക്ഷണത്തിന്റെ സ്റ്റോക്ക് തീർന്നു. ഇന്ധനം തീർന്നു. കടൽവെള്ളം കുടിച്ചും തിരയിളക്കത്തിൽ നൗകയിലേക്ക്‌ തെറിച്ചുവീഴുന്ന കടൽമൽസ്യങ്ങളെ പച്ചയായി ഭക്ഷിച്ചും ഞാനും നീയും മക്കളും വിശപ്പടക്കിക്കൊണ്ടിരുന്നു. കുറെ ദിവസങ്ങൾ കൂടിക്കഴിഞ്ഞ് കടൽ ശാന്തമായിട്ടും നൗക കടലിലൂടെ അലയുകയാണ്. ജോലിക്കാരും മറ്റുയാത്രക്കാരും പലദിവസങ്ങളിലായി കടലിലേക്ക് അവശരായി മരിച്ചുവീണു. നീയും ഞാനും നമ്മുടെ മക്കളും മാത്രമായി. മക്കൾ വിശപ്പുകൊണ്ട് അലറിവിളിച്ചു. നീ ആർത്തിയോടെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

പേടിപ്പെടുത്തുന്ന നോട്ടം. എനിക്ക്   ഭയമായി. എന്റെ കാൽതുടയിൽ കടലട്ട കടിച്ച മുറിവായിലൂടെ രക്തം ഒഴുകുന്നത് നീ കണ്ടു. എന്റെ തുടയിലൂടെ ഒഴുകിയ ചുടുരക്തം നീ ആർത്തിയോടെ വലിച്ചുകുടിച്ചു. മാംസളമായ എന്റെ ശരീരം കടിച്ചുമുറിച്ചു നീ പച്ചയായി തിന്നു തുടങ്ങി. കുറെ മാംസക്കഷണങ്ങൾ നീ മക്കൾക്കും പങ്കുവച്ചു കൊടുത്തു. ശേഷിച്ച എന്റെ എല്ലിൻകൂട് എടുത്തു നീ കടലിലേക്ക്  എറിഞ്ഞു. അടുത്ത ദിവസം  മക്കൾക്ക്  വിശപ്പ് തുടങ്ങി. അവരുടെ പൈശാചിക നോട്ടം നിന്നിലേക്കായി. ആകാശവും ഭൂമിയും പിളരുമാറുച്ചത്തിൽ നീ പേടിച്ചലറി. അപ്പോഴേക്കും നൗക ഏതോ ജനവാസമില്ലാത്ത ഒരു ദ്വീപിൽ ഇടിച്ചുനിന്നു .  നീയിറങ്ങി പ്രാണനുവേണ്ടി നിലവിളിച്ചുകൊണ്ട് ദ്വീപിലെ വനാന്തരങ്ങളിലേക്ക്‌ ഓടി. മക്കൾ ഇരയെ തേടി പിറകെയും…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular