Tuesday, May 7, 2024
HomeEditorialമൂന്ന് നോമ്പും യോനായും

മൂന്ന് നോമ്പും യോനായും

യേശു മിശിഹായുടെ ഇതിഹാസം (തുടർച്ച) 

അനുസരണക്കേടിന്റെ പേരിലാണ് യോനയെ ശിക്ഷിച്ചത്. യേശുവിനെ യോനയോട് ഉപമിച്ചത് എന്തൊരു കാവ്യഭാവനയാണ്!
മത്തായി 12: 9: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിനു അടയാളം ലഭിക്കയില്ല.”
40: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.”
41: “നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
42: “തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.”
മത്തായി ഇവിടെ സാക്ഷിക്കുന്നത്, യോനാ തിമിംഗലത്തിനുള്ളിൽ മൂന്ന് ദിവസം ശിക്ഷിക്കപ്പെട്ടു കഴിഞ്ഞതു പോലെയാണ് യേശു മൂന്ന് ദിവസം ഖബറിൽ കഴിഞ്ഞത് എന്നാണ്. “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാ പ്രവാചകന്റെ  അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല” എന്ന് പറയുമ്പോൾ യേശു കല്ലറയിൽ അടക്കപ്പെട്ടതു ദോഷവും വ്യഭിചാരവുമുള്ള തലമുറയ്ക്കുള്ള അടയാളമാണ് എന്നാണ് അർഥം.
“യേശു മരിച്ചവരിൽനിന്നും ഉയർത്തിട്ടില്ല എങ്കിൽ എൻ്റെ വിശ്വാസം വ്യർത്ഥം” എന്ന് പൗലോസ് സാക്ഷിക്കുമ്പോൾ, (1 കൊരിന്ത്യർ 15 :14), ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം എന്നാണോ കരുതേണ്ടത്. യേശുവിന്റെ കല്ലറ വാസം, ക്രിസ്ത്യാനികൾ എന്ന ‘ദോഷവും വ്യഭിചാരവും ഉള്ള  തലമുറയ്ക്കു’ ലഭിച്ച അടയാളമായി മാറുന്നു. ക്രിസ്ത്യാനികളെ പരിഹസിക്കാൻ;  റോമാക്കാർ  എഴുതിയ ആക്ഷേപഹാസ്യമാണ് പുതിയ നിയമ പുസ്തകങ്ങൾ.
പഴയ നിയമത്തിലെ ഹീറോകളെക്കാൾ പുതിയ നിയമ യേശു ശ്രേഷ്ഠൻ എന്നു സ്ഥാപിക്കാൻ  പഴയ നിയമത്തിലെ കഥകൾ സുവിശേഷകർ തരം പോലെ വളച്ചൊടിക്കുന്ന തറവേല സുവിശേഷങ്ങളിൽ ഉടനീളം കാണാം.
യോനയെക്കാളും  വലിയവൻ, ശലോമോനെക്കാൾ വലിയവൻ എന്നിങ്ങനെയുള്ള പ്രസ്താവനകൾ കൂടി ശ്രദ്ധിക്കുക. യേശു ദൈവപുത്രൻ ആണെങ്കിൽ ഇവരേക്കാൾ വലിയവൻ ആയാൽ മതിയോ?
അതും കറുത്ത പരിഹാസം അല്ലേ? റോമൻ ചക്രവർത്തി ദൈവത്തെക്കാൾ ഉപരിയല്ല എന്നു പറയുന്നില്ല എന്നതു നാം ശ്രദ്ധിക്കണം. യഹൂദരുടെ മശിഹമാർ  വൻ  പരാജയം ആണ്, അതിനാൽ  ചക്രവർത്തി ദൈവത്തിന്റെ ദൈവ പുത്രൻ തീത്തൂസിനെ യഹൂദരുടെ പുതിയ മശിഹ എന്ന്  അംഗീകരിക്കുക എന്നതാണ് ഇവിടെ റോമാക്കാരുടെ സുവിശേഷം.
യോനയ്ക്കു ശിക്ഷ ലഭിക്കുന്നത് അനുസരണക്കേടിന്റെ പേരിലാണ്.  യഹൂദരുടെ മശിഹാമാരും ചക്രവർത്തി ദൈവത്തെ അനുസരിക്കാത്തവർ എന്ന്  ഇവിടെ സ്ഥാപിക്കുന്നു. കടലാന എത്ര വലുപ്പം ഉള്ളതാണെങ്കിലും മനുഷ്യന്  അതിന്റെ ഉള്ളിൽ ജീവനോടെ ഇരിക്കാൻ സാധിക്കില്ല. യോനയെ വിഴുങ്ങിയത് വലിയ മൽസ്യം ആണെന്നാണ് യോനായുടെ പുസ്തകത്തിൽ കാണുന്നത്.
യോനാ  1: 17 നോക്കുക:  “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിൻറ്റെ  വയറ്റിൽ കിടന്നു.” യെശയ്യാവിന്റെ ഗർഭിണിയായ ഭാര്യയെ കന്യക ആക്കിയതുപോലെ വലിയ മത്സ്യത്തെ മത്തായി കടലാന ആക്കി.
”യോനാ 2:4: “നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധ മന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.” കടലിലെ വെള്ളത്തിൽ നീന്തുന്ന മൽസ്യത്തിന്റെ ഉള്ളിലിരുന്നു  യോനാ യെരുശലേമിലെ വിശുദ്ധ മന്ദിരത്തിലേക്ക് നോക്കി! യോനയുടെ പുസ്തകം എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നാണ് അനുമാനം. അപ്പോൾ വിശുദ്ധ മന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കുവാൻ യോനക്കു ജി പി സ് ഉണ്ടായിരുന്നിരിക്കണം. വിശ്വാസികൾ ഇതുവരെ ഈ വാക്യം കണ്ടിട്ടില്ല എന്നു തോന്നുന്നു. ഭാരതത്തിൽ പണ്ടു പണ്ട് വിമാനം ഉണ്ടായിരുന്നു എന്ന വാദം പോലെ ജി പി സ് വാദം വചന തൊഴിലാളികൾക്കും ഉന്നയിക്കാം.
യോനായുടെ കഥ വെറും കെട്ടുകഥയാണെന്ന് ബൈബിൾ പഠിച്ചിട്ടുള്ളവർക്ക് അറിയാം. യോനാ മൽസ്യത്തിന്റെ വയറ്റിൽ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു, മരിച്ചിട്ടില്ലായിരുന്നു. യോനായുടെ കഥയെ യേശുവിന്റെ കല്ലറയിലുള്ള മൂന്നു ദിവസത്തോട് ഉപമിക്കുമ്പോൾ, യേശുവും മരിച്ചിട്ടില്ല എന്ന വിഡ്ഢിത്തം ആണ് മത്തായി പറയുന്നത്. യോനാ മൽസ്യത്തിൻറ്റെ ഉള്ളിൽ മരിക്കുകയും പിന്നീട് ദൈവം മൂന്നാം ദിവസം ഉയർപ്പിക്കുകയും ചെയ്തിരുന്നു എങ്കിൽ യേശുവിന്റെ കഥയുമായി താരതമ്യം ആവാമായിരുന്നു.
എന്നാൽ യേശുവിനെപ്പോലെ മരിച്ച നിലയിൽ അല്ല യോനാ  മൽസ്യത്തിൻറ്റെ ഉള്ളിൽ മൂന്നു ദിവസം കഴിഞ്ഞത്. യോനാ  2: 2 നോക്കുക: “ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.”
യേശു അയ്യം വിളിച്ചില്ല. യോനായുടെ കഥ യേശു പറഞ്ഞു എന്നു  മത്തായി ഉണ്ടാക്കിയ ഈ കള്ളക്കഥ വളരെ ബാലിശമായി മാറി.
ഇത്തരം കഥകൾ പുതിയതല്ല. മഹാ പ്രളയ കാലത്തു വലിയൊരു മൽസ്യം  മനുവിനെ രക്ഷിച്ചു എന്നാണ് ഭാരതീയ പുരാണം.  ഏതു മാർഗവും കള്ളവും പ്രചരിപ്പിച്ചു ദേവാലയത്തിലെ ബലി മുന്നോട്ട് കൊണ്ടുപോകണം എന്നതു പുരോഹിതരുടെ ഉദര പ്രശ്നമാണ്. അതിനാൽ പുരോഹിത എഴുത്തുകാരുടെ വ്യാജ കഥയാണ് യോനായുടെ പുസ്തകം.
യോനാ 2: 9: “ഞാനോ സ്തോത്ര നാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.”
ദേവാലയ ബലി ആയിരുന്നു പുരോഹിതരുടെ വരുമാനം. അതാണ് യോന ബലിയും നേർച്ചകളും നേരുന്നത്. പുരോഹിത സാഹിത്യം [ഇന്നു കാണുന്ന പഴയ നിയമം] പുരോഹിതർ  ഉണ്ടാക്കിയ കൃത്രിമം ആണ്.
അതാണ് ഹാബേലിന്റെ മൃഗ ബലിയിൽ  പ്രസാദിക്കുന്ന ദൈവം. നോഹയുടെ കാലത്തെ പ്രളയത്തിനുശേഷം ശേഷിച്ച മൃഗങ്ങളിൽനിന്നു കുറേയെണ്ണത്തിനെ നോഹ ബലികഴിക്കുന്നു, അവയുടെ വാസന ദൈവം ആസ്വദിക്കുന്നു, ഇസഹാക്കിനെ ബലി കഴിക്കാൻ  അബ്രഹാമിനോട് ആവശ്യപ്പെടുന്നു. (ദൂതൻ രക്ഷിച്ചില്ലായിരുന്നു എങ്കിൽ അതോടെ ഇസഹാക്കിൻറ്റെ  കഥ അവിടെ അവസാനിക്കുമായിരുന്നു.)
പിനീട് ആട്ടു കൊറ്റന്റെ ബലി ലഭിക്കും വരെ ദൈവം അവിടെ തങ്ങുന്നു. മിസ്രയിമിൽ വച്ച് സംഹാര ദൂതനിൽ നിന്നു രക്ഷപ്പെടാൻ ആട്ടുകൊറ്റന്റെ  രക്തം; അത് നിത്യ നിയമ പെസഹ ആയി. പുരുഷ പ്രജയുടെ അഗ്രചർമ്മം — ഇങ്ങനെ രക്തവും ഇറച്ചിയും ബലിയും നേർച്ചകളും വേണ്ടത്  ദൈവത്തിനല്ല, ഇറച്ചിക്കൊതിയൻ പുരോഹിതർക്കാണ്.
യഹോവയ്ക്ക് ബലി കൊടുക്കും എന്ന് യോനാ പ്രതിജ്ഞ എടുക്കുന്നു.  യോനായുടെ പുസ്തകം പുരോഹിത എഴുത്തുകാർ എഴുതി എന്ന് വ്യക്തം. ദേവാലയവും ബലിയും ഒക്കെ പുരോഹിതരുടെ വരുമാന മാർഗമാണ്, സാധാരണ ജനങ്ങൾക്ക് അവ കൊണ്ടു യാതൊരു പ്രയോജനവും ഇല്ല എന്ന് കോവിഡ് കാലവും തെളിയിച്ചു.
യോനായുടെ കഥ പോലെ മറ്റൊരു കെട്ടുകഥയാണ് യേശു മൂന്നു ദിവസം കല്ലറയിൽ ഇരുന്നത് എന്ന് മത്തായി അറിയാതെ സാക്ഷിക്കുന്നു. മാത്രമല്ല; യേശു മൂന്നു ദിവസം കല്ലറയിൽ ആയിരുന്നു എന്ന് സുവിശേഷങ്ങളിൽ  ഇല്ല. വെള്ളിയാഴ്ച്ച സായാഹ്‌നം മുതൽ ഞായർ വെളുപ്പിനെ വരെ എങ്ങനെ മൂന്നു പകലും മൂന്നു രാവും ആകും?
യോനാ 1: 3 “എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിനു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പൊയ്ക്കളവാൻ അതിൽ കയറി.” ഇതിൻ പ്രകാരം യഹോവയ്ക്കു പരിധി ഉണ്ട്. തർശീശ് യഹോവയുടെ പരിധിക്കു പുറത്താണ്. യഹോവ പ്രപഞ്ച ദൈവം അല്ല. യഹോവയുടെ ‘സന്നിധി’ ചെറിയ ഭുപ്രദേശത്തിൽ ഒതുങ്ങുന്നു എന്ന് യഹോവയുടെ പ്രവാചകനായ യോനയ്ക്കു  അറിയാം. ഒരു പഞ്ചായത്തിലും ഗോത്രത്തിലും മാത്രമായി ഒതുങ്ങുന്ന യഹോവയെയാണ്  പ്രപഞ്ച സൃഷ്ടാവ്  എന്നു തെറ്റിദ്ധരിച്ചു ഇന്നും ക്രിസ്ത്യാനികൾ ആരാധിക്കുന്നത്.
ചെറിയ  പ്രദേശമായ യഹൂദ്യയിലെ  ചെറിയ ഒരു ജനം മാത്രം ആയിരുന്ന യഹൂദരുടെ മാത്രം ദൈവമായിരുന്നു യഹോവ. ഈ ദൈവം പലപ്പോഴും സ്വന്ത ജനത്തെ ഉപേക്ഷിക്കുന്നതും, ജനം യഹോവയെ ഉപേക്ഷിക്കുന്നതും പഴയ നിയമത്തിൽ കാണാം. ജനം ഇല്ലാതെ ദൈവത്തിനും നിലനിൽക്കാൻ സാധിക്കില്ലല്ലോ. യഹോവ എന്ന ദൈവം പുരോഹിതരുടെ സൃഷ്ടിയാണ്. അതു  മനസിലാക്കിയ ജനം യഹോവയെ ഉപേക്ഷിച്ചു എന്നു  മാത്രം.
ഇസ്രയേല്യർ അനേക ദൈവങ്ങളെ ആരാധിച്ചിരുന്നു.  മോവാബിയർ, ഹിത്യർ, ഫെലിസ്ത്യർ, അമ്മോന്യർ, മിദ്യാന്യർ എന്നിങ്ങനെയുള്ള അനേകം ഗോത്രങ്ങളുമായി ഇടപഴകി ഇണ ചേർന്നാണ് ഇസ്രയേല്യർ കഴിഞ്ഞിരുന്നത്. മറ്റു ഗോത്രങ്ങളുടെ ദൈവങ്ങളെയും അവർ ആരാധിച്ചിരുന്നു. മോശ ഉണ്ടാക്കിയ പിച്ചള സർപ്പം മിദ്യാന്യരുടെ നെഹുഷ്ട്ടാൻ ദൈവമാണ്. മിദ്യാൻ പ്രദേശങ്ങളിൽ നിന്നും അനേകം സർപ്പ പ്രതിമകൾ  ഇസ്രയേൽ പുരാവസ്‌തു വകുപ്പിനു  ലഭിച്ചിട്ടുണ്ട്.
പാമ്പിന്റെ രൂപമുള്ള നെഹുഷ്ട്ടൻ  ദൈവമാണ് ഏദൻ തോട്ടത്തിൽ വന്ന് ഹൗവ്വയോട് അറിവിന്റെ രഹസ്യങ്ങളെ കാട്ടിക്കൊടുക്കുന്നത്. പുരൊഹിതരുടെ ദൈവത്തിൻറ്റെ പ്രധാന ശത്രുവും സർപ്പ ദൈവം ആയിരുന്നു. അതാണ് സർപ്പത്തിന്റെ തല തകർക്കണം എന്നും, പുരോഹിതരുടെ ദൈവം അല്ലാത്ത മറ്റു ദൈവങ്ങളെ ആരാധിക്കാൻ പാടില്ല എന്ന കൽപ്പനയും പുരോഹിതർ ദൈവത്തിന്റെ കൽപ്പന എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇവ വ്യാജമാണ്, കബളിപ്പിക്കലാണ്.
തടിച്ച മൃഗങ്ങൾക്കു വേണ്ടി മുറവിളിക്കുന്ന ഈ ദൈവം  ഇറച്ചിക്കൊതിയൻമാരായ പുരോഹിതർ തന്നെ ആണെന്ന സത്യം ജനം മനസ്സിലാക്കി. പൊതുവർഷം 70 ൽ ഈ സർവ്വ ശക്തൻ ദൈവത്തിന്റെ ആലയം റോമൻ പട്ടാളം ഇടിച്ചു നിരത്തി; അതോടെ യാഹ് ദൈവത്തിന്റെ കഥയും  അവസാനിച്ചു.
എന്നാൽ ഈ കഥ അറിയാത്ത കുറെ ക്രിസ്ത്യാനികൾ ഇന്നും യാഹിനെ എഴുന്നള്ളിച്ചു സ്വയം വിഡ്ഢികളായി മാറുന്നു; മറ്റുള്ളവരെ വിഡ്ഢികളാക്കി ചൂഷണം ചെയ്യുകയും ചെയ്യുന്നു.
ഇസ്രയേല്യരുടെ ദൈവം – യഹോവ – യാഹ് അല്ല. ഈൽ, എലോഹീം, ആലോഹോ, ആലാഹ  എന്നിങ്ങനെയുള്ള പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്രയേൽ എന്നാൽ ഈൽ ദൈവത്തിന്റെ ജനം എന്നാണ്. മരത്തിൽ തൂക്കപ്പെട്ട ദൈവപുത്രൻ യേശുവും ഈൽ ദൈവത്തെയാണ് വിളിക്കുന്നത്.  ദൈവം തിരഞ്ഞെടുത്തവർ എന്ന പൊള്ള അവകാശവുമായി യാഹിനെ ഇന്നും വിളിക്കുന്നവർ  യേശുവിന്റെ പിതാവാം ദൈവത്തെ നിന്ദിക്കുന്നു, നിഷേധിക്കുന്നു.
“പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിവില്ല” എന്നത് ഇവരെക്കുറിച്ചുള്ള മുൻ‌കൂർ പ്രവചനമോ? ഇന്നു വചന തൊഴിലാളികൾ എഴുന്നള്ളിക്കുന്ന യഹോവ ദൈവത്തെ അവർക്ക് എവിടന്നു കിട്ടി. സ്ഥാപിത കോർപ്പറേറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തത കാണിക്കാനാവാം അവർ യേശുവിനെ തള്ളി യഹോവയെ ആരാധിക്കുന്നത്.
യോനാ കയറിയ കപ്പൽക്കാരുടെ ദൈവം യാഹ് അല്ല. യോനാ:1:5: ”കപ്പൽക്കാർ ഭയപ്പെട്ടു, ഓരോരുത്തൻ താന്താന്റെ  ദേവനോടു നിലവിളിച്ചു. എന്നാൽ യഹോവ അവരെ ഭയപ്പെടുത്തി; അന്യ ദൈവങ്ങളെ ആരാധിച്ചവർ പോലും  യഹോവക്ക് യാഗം കഴിച്ചു, നേർച്ചകളും നേർന്നു.” ഇപ്രകാരം എഴുതിയത് യാഹ് പുരോഹിതർ എന്ന് വ്യക്തം.
യോനാ 1: 16: ”അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവയ്ക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.” കപ്പൽക്കാരുടെ ദൈവത്തിനു ശക്തി ഇല്ല; യഹോവ ശക്തിമാൻ എന്ന് ഇവിടെ സാക്ഷിക്കുന്നതു  യാഹ് പുരോഹിതർ എന്ന് വ്യക്തമാകുന്നു. നേർച്ചയും ബലിയും വേണ്ടത് പുരോഹിതർക്കാണ്. എന്നാൽ മത്തായിക്ക് പറ്റിയ അബദ്ധം പുരോഹിത എഴുത്തുകാർക്കും പറ്റി. യോനാ 1:9: “…….കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു [യോനാ]  പറഞ്ഞു.’
എന്നാൽ ഈ യഹോവയുടെ സന്നിധി വിട്ട് യോനാ പോകുന്നു എങ്കിൽ? ഈ  ദൈവമാണോ സ്വർഗീയനും കടലും കരയും ഉണ്ടാക്കിയവൻ?
നിന്റെ ദൈവത്തിനു ശക്തി ഇല്ല, എന്റെ ദൈവം മാത്രം സത്യദൈവം എന്ന് അവകാശപ്പെടുന്നവൻ ആണല്ലോ വിശ്വാസി. അതാണല്ലോ അവർ തമ്മിൽ ഇന്നും കൂട്ടയടി നടത്തുന്നത്. ഇവരുടെയെല്ലാം ദൈവങ്ങൾ ഇവർ ഉണ്ടാക്കിയതാണ് എന്ന് ഇവരെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന സത്യാന്വേഷകരെ ആക്രമിക്കാൻ ഇവർ ഒന്നിക്കുകയും ചെയ്യുന്നു.

സ്വയം തെളിയുന്ന സത്യം

ഒരു യഥാർത്ഥ സത്യത്തെ തെളിയിക്കുവാനോ സ്ഥാപിക്കുവാനോ അധികം വളച്ചു കെട്ടലുകളും കള്ളക്കഥകളൂം ആവശ്യമില്ല. സത്യം സ്വയം തെളിയിക്കുന്നു. എന്നാൽ ഇല്ലാത്ത  ഒന്നിനെ ഉണ്ട് എന്ന് സ്ഥാപിക്കാൻ  അനേകം നുണകളും കെട്ടുകഥകളും ഒക്കെ ചരിത്രം, ഭൂപ്രദേശം എന്നിങ്ങനെയുള്ള  യാഥാർഥ്യവുമായി  കൂട്ടിയിണക്കണം. അതു തന്നെയാണ് ബൈബിളിന്റെ തുടക്കം മുതൽ അവസാനം വരെ.  യോനാ, സങ്കീർത്തനം, ഇയോബ്, ദാനിയേൽ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ സുവിശേഷ എഴുത്തുകാരുടെ  പ്രചോദനം ആയിരുന്നു. കാറ്റിനെയും കടലിനെയും തിരമാലകളെയും ഒക്കെ സൃഷ്ടിച്ചവനും അവയെ നിയന്ത്രിക്കാനും  കഴിവുള്ള ആകാശദൈവമാണ് യേശു ദൈവം എന്ന് സുവിശേഷകർ അവകാശപ്പെടുന്നു. മർക്കോസ്  4:37-41; 6:47-56; മത്തായി 8:24-27; 14:24-33; യോഹന്നാൻ 6:19 -21 -നോക്കുക.
മാത്രമല്ല യേശു ദൈവപുത്രനാണെന്ന് പല തവണ പലരെയും കൊണ്ടു സാഷ്യപ്പെടുത്തുന്നു: ലുക്കോസ്  9:18; മത്തായി 16:13-20. ഇതൊക്കെയും സത്യമാണ് എന്ന് വിശ്വാസികളെ ഉറപ്പിക്കാൻ പരിശുദ്ധാത്മാവിനാൽ  ഉള്ള ഗർഭം, ജനിക്കുമ്പോൾ ആകാശത്തിൽ വലിയ നക്ഷത്രം, അനേകം കുട്ടികളുടെ കൂട്ടക്കൊല, ഈജിപ്തിലേക്കുള്ള പലായനം, അത്ഭുത പ്രവൃത്തികൾ; ഇവയൊന്നും പോരാഞ്ഞിട്ട് കൂടെ നടക്കുന്ന ശിഷ്യരോട്‌ യേശു ചോദിക്കുന്നു; നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? അവരുടെ മറുപടി വളരെ വ്യത്യസ്തവുമാണ്.
എന്നാൽ അൽപ്പം രസാവഹമായ  പ്രസ്താവന നോക്കുക -മത്തായി 16:15: “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: 16 “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.” 17 യേശു അവനോട്: “ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്.”
ഇവിടെ പല തിയോളജിക്കൽ  പ്രശ്നങ്ങളും വിഡ്ഢിത്തങ്ങളും വെളിവാകുന്നു. യാഹ് ദൈവം ഒറ്റയാൻ നിത്യ ബ്രഹ്മചാരിയാണ്; പുത്രനും പുത്രന്റെ അമ്മ – തിയോറ്റോക്കസും – ദൈവമാതാവും ഒക്കെ യൂദ വിശ്വാസം അല്ല; അവ റോമൻ, ഗ്രീക്ക് ദൈവ സങ്കല്പങ്ങളാണ്. അതിനാൽ ഇ പ്രസ്താവന പ്രകാരം  സുവിശേഷങ്ങളുടെ എഴുത്തുകാർ; യേശുവിന്റെ യഹൂദ ശിഷ്യർ അല്ല എന്ന് വ്യക്തമാക്കുന്നു. സുവിശേഷങ്ങൾ എഴുതിയത് യേശുവിൻറ്റെ ശിഷ്യൻമാരാണ് എന്ന നുണ പ്രചരിപ്പിക്കുന്നത് കാര്യമായ പഠനവും വിവരവും ഇല്ലാത്ത ക്രിസ്ത്യൻ പുരോഹിതരും വചനം കൊണ്ട് വാചക കസർത്തു കാണിക്കുന്ന വചന തൊഴിലാളികളുമാണ്. റോമൻ എഴുത്തുകാരാണ്  -പിതാവും പുത്രനും പുത്രൻറ്റെ അമ്മയും ഒക്കെയുള്ള റോമൻ   ദൈവ സങ്കല്പം ഇവിടെ പ്രസ്താവിക്കുന്നത്.
”ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്ന് പത്രോസ് പ്രസ്താവിക്കുന്നു. ഇത് മൂന്നാം നൂറ്റാണ്ടിൽ ഉണ്ടായ; യേശുവിനെ  ക്രിസ്തു എന്നു ചിത്രീകരിക്കുന്ന ക്രൈസ്റ്റോളജി ആണ്. അപ്പോൾ മത്തായിയുടെ പേരിൽ കാണുന്ന സുവിശേഷം ഒന്നുകിൽ മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു; അല്ലെങ്കിൽ  മൂന്നാം നൂറ്റാണ്ടിൽ തിരുത്തി എഴുതി എന്ന് ന്യായമായി അനുമാനിക്കാം.
”ജീവനുള്ള ദൈവത്തിൻറ്റെ പുത്രനായ ക്രിസ്തു” എന്ന് പത്രോസ് പറഞ്ഞുവെങ്കിൽ അതു കുറച്ചു സമകാലീന ചരിത്രമാണ്. റോമൻ ചക്രവർത്തിമാർ ദൈവങ്ങളാണ് എന്ന് അവരും റോമാക്കാരും വിശ്വസിച്ചിരുന്നു. സുവിശേഷങ്ങൾ എഴുതപ്പെട്ടത്, പൊതുവർഷം 70ൽ യെരുശലേം ദേവാലയം  നശിപ്പിക്കപ്പെട്ടശേഷവും; പൊതുവർഷം 74 ൽ; മസാദ കോട്ടയിൽ യഹൂദരിലെ മശിഹ തീവ്രവാദികൾ കൂട്ട ആത്മഹത്യ  ചെയ്തതിനു ശേഷവുമാണ്. അന്നത്തെ ജീവനുള്ള ദൈവം; പിതാവായ ദൈവം  ചക്രവർത്തി വെസ്‌പേഷ്യനും പുത്രൻ ദൈവം, മകൻ തീത്തുസുമാണ്. യഹൂദർക്കും  ഇസ്രയേലിയർക്കും പലവിധ വ്യത്യസ്ത മശിഹ ആശയങ്ങൾ ഉണ്ടായിരുന്നു. അവയിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു  ഗ്രീക്കുകാരുടെ ക്രിസ്തോസ്. ഗ്രീക്ക് ഭാഷയും, സംസ്കാരവും, തത്വചിന്തകളും, വേദസാഹിത്യവും ഒന്നാം നൂറ്റാണ്ടിൽ യൂദരുടെയും റോമാക്കാരുടെയും സംസ്കാരത്തെക്കാൾ ഉപരിയായി ശ്രേഷ്ഠത നേടിയിരുന്നു. എഴുത്തും വായനയും അറിയാവുന്നവർ ചുരുക്കം ആയിരുന്നു. എഴുത്തുകാരുടെയും പണ്ഡിതരുടെയും ഭാഷയും സംസ്കാരവും ഗ്രീക്ക് ആയിരുന്നു. റോമാക്കാരുടെ ജീവനുള്ള ചക്രവർത്തി ദൈവവും ഗ്രീക്കുകാരുടെ ക്രിസ്തുവും കൂട്ടിച്ചേർന്നതാണ് പത്രോസ് പറയുന്ന ”ജീവനുള്ള ദൈവത്തിൻറ്റെ പുത്രനായ ക്രിസ്തു.’
ഇസ്രയേലിയർ ആയിരുന്ന മക്കാബികളുടെ രാജാവും പുരോഹിതനുമായ മശിഹ, എസ്സനികളുടെ മശിഹ, യഹൂദരുടെ ദാവീദ് വംശത്തിൽനിന്നും വരുന്ന   രാജകീയ മശിഹ, സമരിയക്കാരുടെ ഗുരുവും പ്രവാചകനുമായ മശിഹ, റാബിമാരുടെ മശിഹ കാലം, യഹൂദ വിപ്ലവകാരികളായ ഇസ്ക്കരിയോത്തുകളുടെ മശിഹ എന്നിങ്ങനെ വിവിധ രൂപ ഭാവങ്ങളിൽ പലതരം മശിഹകൾ ഇടക്കിടെ തലപൊക്കിയിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗവും  വളരെ ദയനീയമായി പരാജയപ്പെട്ടു. മിക്കവാറും എല്ലാറ്റിനെയും റോമൻ പട്ടാളം അരിഞ്ഞു വീഴ്ത്തി. മക്കാബികളിലെ അവസാന മശിഹ തീവ്രവാദി മറ്റു യഹൂദ ഇസ്ക്കരിയൊത്തുകളുമായി അവസാനം മസാദ കോട്ടയിൽ അഭയം തേടി.
റോമൻ പട്ടാളം ഇവരെ വളഞ്ഞു ഉപരോധിച്ചു, അവസാനം യഹൂദ വിപ്ലവകാരികൾ പൊതുവർഷം 73 / 74 ൽ  രക്ഷയില്ലാതെ കൂട്ടമായി ആത്മഹത്യ ചെയ്തു.
ഇത്തരം പരാജയപ്പെട്ട മശിഹകൾക്ക് പകരം യഹൂദ വിപ്ലകാരിക ളുടെ തീവ്രതയെ വഴിതിരിക്കാൻ  റോമൻ എഴുത്തുകാർ ഉണ്ടാക്കിയ കൃത്രിമ മശിഹയാണ് യേശു ക്രിസ്തു. തീവ്രവാദികളുടെ മശിഹമാർ ദയനീയമായി പരാജയപ്പെട്ടു എന്ന പരിഹാസ ഹാസ്യമാണ് സുവിശേഷങ്ങൾ. അത്തരം മശിഹകൾക്ക് പകരം റോമൻ റോയൽ ഫാമിലി, പത്രോസിലൂടെ  അവതരിപ്പിക്കുന്ന മശിഹയാണ്‌   ‘ജീവനുള്ള  ദൈവത്തിന്റെ പുത്രനായ ക്രിസ്തു.”
പത്രോസ് റോമിലെ ആദ്യത്തെ പോപ്പ് ആണെന്ന് അവകാശപ്പെടുന്ന റോമൻ കത്തോലിക്കാ സഭയുടെ  വേദസാഹിത്യമാണിത്.
ആദിമ സുവിശേഷങ്ങളും മറ്റു പുതിയ നിയമ പുസ്തകങ്ങളും  വെസ്‌പേഷ്യൻ രാജവംശത്തിന്റെ നിർദേശപ്രകാരം ഫ്ലാവിയസ്സ് ജോസീഫസിന്റ്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം എഴുത്തുകാർ എഴുതി. റോമൻ സഭ അവയെ പത്രോസിൽനിന്നു തുടങ്ങുന്ന റോമൻ പോപ്പിൻറ്റെ അപ്രമാദിത്തം ഉറപ്പിക്കാൻ പുതിയ നിയമപുസ്തകങ്ങളെ തിരുത്തി എന്നും ന്യായമായി അനുമാനിക്കാം.
പിതാവാം ദൈവമായ വെസ്‌പേഷ്യൻറ്റെ പുത്രനാം ദൈവം തീത്തൂസ് ആണ് യഹൂദരെ രക്ഷിക്കുന്ന യഥാർത്ഥ മശിഹാ എന്നാണ് ഇവിടുത്തെ സന്ദേശം. വ്യാജ മശിഹകളുടെ കൂടെ കൂടി റോമക്കാർക്കു എതിരായി പട പൊരുതുന്നവർ അശുദ്ധാത്മാക്കൾ ആണ് അവരും അവസാനം മനം തിരിഞ്ഞു തീത്തുസിനെ അംഗീകരിക്കും എന്നാണ് ഇവിടുത്തെ സുവിശേഷം. മാർക്ക് 3:11: “അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.” ദൈവപുത്രൻ എന്ന് തുടരെ ആവർത്തിക്കുന്നവരും ശ്രദ്ധിക്കുക, നിങ്ങളിലെ   അശുദ്ധാത്മാവ് ആണോ ഇങ്ങനെ വിളിച്ചു പറയുന്നത്? നിങ്ങളുടെ പ്രവൃത്തികൾ കാണുമ്പോൾ നിങ്ങളിൽ നിറഞ്ഞിരിക്കുന്നത് അശുദ്ധം എന്നതു വ്യക്തം.
എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ ഒരു സത്യം പുറത്തുചാടുന്നു;  യോഹ: 20:30: “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.” 31:”എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.”
യേശു ദൈവ പുത്രനായ ക്രിസ്തു  എന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനു ഇവയൊക്കെ എഴുതി കൂട്ടി. വിശ്വസിച്ചാൽ ജീവൻ ഉണ്ടാകും. അതായിരുന്നു  യുദരെ സംബന്ധിച്ചിടത്തോളം  പിതാവ് വെസ്‌പേഷ്യൻ, പുത്രൻമാർ തീത്തൂസ്, ഡോമിഷ്യൻ  എന്നിവർ ചക്രവർത്തിമാർ  ആയിരുന്ന കാലം. ഈ സമയങ്ങളിലാണ് പുതിയനിയമ പുസ്തകങ്ങൾ എഴുതപ്പെട്ടത്.  പരാജയപ്പെട്ട  മശിഹമാരിൽ നിന്നുമല്ല  യഹൂദന്റെ രക്ഷ ഉണ്ടാകുന്നത്, ജീവനോട് ഇരിക്കുവാൻ ജീവനുള്ള ദൈവമായ  റോമൻ ചക്രവർത്തിയെ പുതിയ ക്രിസ്തു എന്ന് അംഗീകരിക്കുക, വിശ്വസിക്കുക എന്നതാണ് ഇവിടത്തെ സുവിശേഷം.
പിതാവ് ദൈവം, പുത്രൻ ദൈവം അമ്മ ദൈവം, റൂഹ ദൈവം — ഇവയൊന്നും യുദ മത വിശ്വാസം അല്ല. ഗ്രീക്ക്, റോമൻ ദേവ സങ്കൽപ്പത്തിലെ സീയൂസ്, അപ്പോളോ എന്ന പിതാവ് ദൈവം, അവരുടെ  പുത്രൻമാർ എന്ന പുത്ര ദൈവം, റോമാക്കാർ ആരാധിച്ചിരുന്ന  ഈജിപ്ഷ്യൻ ഐസിസ് [മിറീം ] ദേവത; ഇവയൊക്കെ കൂട്ടിച്ചേർത്ത  പുതിയ ഇതിഹാസമാണ് പുതിയ നിയമം. കൊല്ലപ്പെട്ട ഒസിരിസ് ദേവന്റെ മൃത ശരീരത്തിന് മുകളിലൂടെ  മിറീം ദേവത പരുന്തിൻറ്റെ രൂപത്തിൽ പറന്നു ഒസിരിസിനെ മരിച്ചവരിൽനിന്നും ഉയർപ്പിക്കുന്നു.  ഈ ഈജിപ്ഷ്യൻ മിറീം ദേവതയിൽനിന്നാണ്  “ജീവൻ നൽകുന്ന പരിശുദ്ധാത്മാവ്,” ദൈവത്തിൻറ്റെ അമ്മ എന്ന വിശ്വാസങ്ങൾ രൂപം കൊണ്ടത്.
സങ്കൽപ്പങ്ങളെ വിശ്വസിക്കാൻ തെളിവുകൾ വേണ്ട.  ചോദ്യം ചെയ്യാതെ മറ്റൊരുവൻ പറയുന്നത് അതേപടി അംഗീകരിക്കുന്ന വിഡ്ഢിത്തമാണ് വിശ്വാസം. സങ്കൽപ്പങ്ങളെ ഒരുവന് വെളിവാക്കിയത് അവന്റെ ദൈവമാണ്  എന്നു കൂടി അവൻ അവകാശപ്പെട്ടാൽ, അതിനെ എതിർത്താൽ ശാപം ഏൽക്കും എന്ന ഭീഷണിയാണ് വിശ്വാസം.
ഗലാത്യർ 1:8 “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”
9: “ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” ഇത്രമാത്രമാണ് വിശ്വാസിയുടെ അവസ്ഥ- ഒന്നുകിൽ അന്ധമായി അംഗീകരിക്കുക, അല്ലെങ്കിൽ ശപിക്കപ്പെട്ടവൻ ആകുക. അതാണ് സുവിശേഷം.

സി. ആൻഡ്രൂസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular