Monday, May 6, 2024
HomeIndiaകാറിലെ ബിജെപി കൊടി കണ്ടിട്ടും സൈന്യം വെടിവച്ചെന്ന് നാഗാലാന്‍ഡിലെ പാര്‍ട്ടി നേതാവ്

കാറിലെ ബിജെപി കൊടി കണ്ടിട്ടും സൈന്യം വെടിവച്ചെന്ന് നാഗാലാന്‍ഡിലെ പാര്‍ട്ടി നേതാവ്

സൈന്യത്തിനെതിരെ കടുത്ത ആരോപണവുമായി നാഗാലാന്‍ഡജിലെ ബിജെപി നേതാവ്. യാതൊരു പ്രകോപനവുമില്ലാതെ സൈന്യം തനിക്കും സുഹൃത്തിനും നേരെ വെടിയുതിര്‍ത്തെന്ന് ബിജെപി മോണ്‍ ജില്ലാ പ്രസിഡന്റ് ന്യാവാങ് കോന്യാക് ആരോപിച്ചതായി ദേശീയ മാധ്യമമായ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പില്‍ സുഹൃത്ത് കൊല്ലപ്പെട്ടതായും കോന്യാക് പറഞ്ഞു.

ഇന്നലെ വൈകീട്ട് മോനില്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കല്‍ക്കരി ഖനിയില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങുന്ന ആറുതൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് തനിക്കെതിരെയും സൈന്യം വെടിവച്ചതെന്ന് ന്യാവാങ് കോന്യാക് ആരോപിച്ചു. കാറില്‍ പാര്‍ട്ടി പതാക കണ്ടിട്ടും സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിന്റെ വെടിവയ്പ്പില്‍ രോഷാകുലരായ നാട്ടുകാര്‍ അസം റൈഫിള്‍സ് ക്യാംപ് ആക്രമിച്ചിരുന്നു. ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവച്ചതെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഡ്രൈവറും ഒരു ബന്ധുവും അയല്‍വാസിയുമാണ് ഈ സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

സൈനിക നടപടിയെ ബിജെപി നാഗാലാന്‍ഡ് ഘടകം അപലപിച്ചിട്ടുണ്ട്. നിരായുധരായ നാട്ടുകാരാണ് സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് നാഗാലാന്‍ഡ് ഗോത്ര വകുപ്പ് മന്ത്രി കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെംജന്‍ ഇംന അലോങ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി പൊലീസ് അറിയിച്ചു. മോണ്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൊഹിമയിലെ ഹോണ്‍ ബില്‍ ഫെസ്റ്റിവലും നിര്‍ത്തിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular