Monday, May 6, 2024
HomeEditorialഓർമയിൽ തട്ടിയും, മുട്ടിയും ചില ചട്ടീം കലങ്ങളും

ഓർമയിൽ തട്ടിയും, മുട്ടിയും ചില ചട്ടീം കലങ്ങളും

പാത്രം വാങ്ങാൻ തൃശൂർക്കാർ എപ്പളും പോണത് രണ്ട് സ്ഥലത്തേക്ക് ആണ്, ഒന്ന് പോസ്റ്റ് ഓഫീസ് റോഡിലുള്ള  ആലേങ്ങാടൻസ്.ഒരു രണ്ട് മൂന്ന് നെലേലായി സ്റ്റീലും, ഓടും, അലുമിനിയവും നിറച്ചിട്ടേക്കുവാണ്.എത്ര തോന ലോഹകൂമ്പാരത്തിന്റെ എടയ്ക്കാണ് നിക്കണെന്ന് നമ്മളൊന്നു വണ്ടറടിച്ചു പോണ സ്ഥലം. രണ്ട് കിണ്ണം, രണ്ട് ഗ്ലാസ്, രണ്ട് സ്പൂണ് എന്ന് തൊട്ട് വലിയ ചരക്കും, ചരുവവും അടക്കം ഉള്ള സാധങ്ങൾക്ക് ബില്ല് എഴുതുന്ന എപ്പോഴും തിരക്കുള്ള കൗണ്ടർ.

അല്ലെങ്കി പിന്നെ നടവരമ്പിൽ ഉള്ള സ്വാമിമാരുടെ പാത്രക്കടകൾ ആണ്.ഒന്നിന് ഒന്നോട് തൊട്ട്,വീതി കുറഞ്ഞ നീളത്തിൽ ഉള്ള കടകൾ.മുൻപീക്കൂടെ പോകുമ്പോ തന്നെ ചന്ദനത്തിരിയുടെയും, കളഭത്തിന്റെയും, പനിനീരിന്റെയും, മുല്ലപൂവിന്റെയും വാസന.കടയുടെ ഉള്ളിലെ കണ്ണാടി ഷെൽഫുകളിൽ വെട്ടിത്തിളങ്ങുന്ന ഓട്ടുപാത്രങ്ങൾ…പാത്രം വാങ്ങുന്നതിന്റെ രണ്ട് ആമ്പിയൻസുകൾ, രണ്ട് അനുഭവങ്ങൾ….

മൂന്നിൽ പഠിക്കുമ്പോൾ ഉള്ള പിറന്നാളിന് അമ്മൂമ്മ സമ്മാനം തന്നത്  പിടിയുള്ള ഒരു കുഞ്ഞു തൂക്കുപാത്രം ആണ്.അന്ന് ചോറു കൊണ്ടു പോകാൻ വട്ടപാത്രങ്ങൾ അങ്ങനെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.തൂക്ക് പാത്രത്തിൽ ആണ് ചോറ് കൊണ്ടു പോകൽ.ചോറിനെക്കാൾ അധികം കഞ്ഞിയാണ് അന്ന് കൊണ്ടു പോകൽ എന്നുള്ളത് കൊണ്ടുമാകാം തൂക്കുപാത്രം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത്.രാവിലെ പണിക്കിറങ്ങുമ്പോൾ തൂക്കുപാത്രത്തിൽ ഇത്തിരി കഞ്ഞി, ഇല്ലോളം ചീരത്തോരൻ, ഇത്തിരി തൈര്, ഉള്ളിച്ചമ്മന്തി , ഒരു വറുത്ത മുളകും കൂടി ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട.കഞ്ഞി കുടി കഴിഞ്ഞാൽ, കുടിക്കാനുള്ള വെള്ളവും ഈ പാത്രത്തിൽ ശേഖരിച്ചു വയ്ക്കാം.

ഫ്ലാസ്ക് ഒക്കെ അവതരിക്കുന്നതിന് മുൻപ് ആസ്പത്രിക്ക് പോകുമ്പോ ആദ്യം ഒരു തൂക്കുപാത്രവും, ഗ്ലാസ്സും, കിണ്ണവും, സ്പൂണും ആണ് എടുത്ത് വയ്ക്കുക.ആസ്പത്രി കാന്റീനിൽ നിന്ന് കഞ്ഞിയും, ചൂടുള്ള വെള്ളവും, കട്ടൻ കാപ്പിയും ഒക്കെ വാങ്ങി കൊണ്ട് പോകാനുള്ള “ഓൾ ഇൻ വൺ” ആണ് തൂക്കുപാത്രം.

എൽ.പി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ,രാവിലേ ഹാജർ വിളിച്ചു കഴിഞ്ഞാൽ ടീച്ചർ പറയും, “കിണ്ണം കൊണ്ട് വന്നോര് എണീറ്റ് നിന്നേ”.അന്ന് ഉച്ചക്ക് സ്‌കൂളിൽ നിന്ന് ചോറ്‌ വേണ്ടവരുടെ എണ്ണം ആണത്.കുറച്ചു കഴിയുമ്പോൾ അയഞ്ഞൊരു പച്ച ബ്ലൗസും, ലുങ്കിയും ഉടുത്ത് റോസി ചേച്ചി വരും.സ്‌കൂളിലെ കഞ്ഞിപ്പുര റോസി ചേച്ചിയുടെ കസ്റ്റഡിയിൽ ആണ്.പന്ത്രണ്ടര മണിയാകുമ്പോൾ കടലയോ, ചെറുപയറോ കൂട്ടാൻ കാച്ചണ മണം വരും.വലിയ അലുമിനിയം വട്ടപാത്രത്തിൽ നിറച്ചു ചോറും, അലുമിനിയം ബക്കറ്റിൽ കൂട്ടാനും വരാന്തയുടെ അറ്റത്ത് കൊണ്ട് വയ്ക്കും.ഒരു മണിക്ക് കൂട്ടബെല്ലടിച്ചാൽ കിണ്ണവും കൊണ്ട് കുട്ടികൾ വരി നിക്കും.ആവി പറക്കണ ചോറും, കറിയും ടീച്ചർമാർ കിണ്ണത്തിൽ വിളമ്പി തരും.വരാന്തയിൽ മുറ്റത്തേക്ക് കാലിട്ടിരുന്ന് ഉച്ചയൂണ്…മിക്കവരും ഒരു കുഞ്ഞു പാത്രത്തിൽ വീട്ടിൽ നിന്നെന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടാകും, കായ ഉപ്പേരി, മാങ്ങാ ചമ്മന്തി, മുട്ട പൊരിച്ചത്…ഇതിൻറെ ഒക്കെ കൂടെ സ്‌കൂളിലെ ചെറുപയർ കറി സൂപ്പർ ആണ്.

ഊണ് കഴിഞ്ഞാൽ കിണ്ണം കഴുകാനൊരു പോക്കുണ്ട്. അടി കാണാത്ത പാതാളകിണറിൽ നിന്ന് വലിച്ചു കോരിയെടുത്ത തണുത്ത വെള്ളം കൊണ്ട് ,കിണ്ണവും, കാലും, കയ്യും ഒക്കെ കഴുകി, ഉങ്ങിന്റെ കായ പെറുക്കി “ആകാശം, ഭൂമി” കളിക്കാൻ ഒരോട്ടമാണ്. വലുതാവേണ്ടതില്ലായിരുന്നു എന്ന് വിങ്ങി പോകുന്ന ഓർമകൾ.ഒരൊറ്റ ഓട്ടത്തിന് ആകാശവും, ഭൂമിയും സ്വന്തമായിരുന്ന കാലം.

വീട്ടിൽ കുറേ പാത്രങ്ങൾ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാത്രങ്ങൾ, മെറൂൺ നിറത്തിൽ ഉണ്ടായിരുന്ന കൈപ്പിടികൾ രണ്ടും ഇളകിപ്പോയ ഒരു കുഞ്ഞു പാത്രവും, ഒരു കുഞ്ഞു കിണ്ണവും ആണ്.മോൾക്ക് കുറുക്കാൻ ഉപയോഗിച്ചിരുന്ന പാത്രം, അവൾക്ക് ചോറു വാരി കൊടുത്ത കിണ്ണം.

തലേ ദിവസം രാത്രി സൂചി ഗോതമ്പ് വെള്ളത്തിൽ ഇട്ട്,രാവിലെ പിഴിഞ്ഞ് അരിച്ചു പാകത്തിന് പാലും, കൽക്കണ്ടവും ചേർത്ത് , ചെറുതീയിൽ കുറുക്കി,അതൊരു ചെറിയ ഡവറയിൽ ചൂട് മാറാൻ പാർന്ന് വച്ച്, കുഞ്ഞിനെ കുളിപ്പിച്ചു വയമ്പ് തൊട്ട്,കാലും നീട്ടിയിരുന്ന്, ആ കാലിന്റെ മോളിൽ അവളെ കിടത്തി കോരി കൊടുത്ത കുറുക്ക്.ഈ ലോകത്ത് ഞാൻ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വമുള്ള ഒരു കുഞ്ഞു മനുഷ്യജീവി, ആ കുറുക്കും നുണഞ്ഞു എന്നെ നോക്കി ചിരിക്കുമ്പോൾ, ഈ ലോകത്തെ എല്ലാ വേദനകളുടെയും പരിഹാരം ആ ചിരിയായി മാറി… അന്നും, ഇന്നും.

തൃശൂർ നിന്ന് കണ്ണൂർക്ക് കുടി മാറുമ്പോൾ അടുക്കളയിലും, അലമാരകളിലും നിറഞ്ഞിരിക്കുന്ന പാത്രങ്ങളിൽ നിന്ന്, കൂടെ കൊണ്ട് വരാൻ എടുത്ത ഒരു പിടി പാത്രങ്ങളിൽ ഒന്ന് ആ കുറുക്ക് പാത്രമാണ് , പിന്നെ ആ കുഞ്ഞു കിണ്ണവും…

ടീച്ചർ പണി തുടങ്ങുന്നത് ദിവസ വേതനത്തിനാണ്,ഇരുപത്തിമൂന്ന് വയസിൽ. ഒരു മാസം എല്ലാ ദിവസവും ജോലി ചെയ്താൽ രണ്ടായിരം രൂപ കിട്ടും.കൊച്ചു കുഞ്ഞിന്റെ അമ്മയായത് കൊണ്ട് എങ്ങനെ പോയാലും രണ്ട് ലീവെങ്കിലും എടുക്കേണ്ടി വരും.അത് കൊണ്ട് ഒരു മാസവും  രണ്ടായിരം രൂപ തികച്ചു കിട്ടിയിട്ടില്ല,എന്നാലും അതിൽ ഒരു പങ്ക് പുസ്‌തകം വാങ്ങാൻ ആയിരുന്നു, പിന്നൊരു കുഞ്ഞു പങ്ക് പാത്രം വാങ്ങാനും.

കോളേജ് കാലം തൊട്ട് മോഹിച്ചു കുറിച്ചു വച്ച പുസ്തകങ്ങൾ ഓരോന്ന് ആയി വാങ്ങി അലമാരകൾ നിറച്ചു.ഒപ്പം പാത്രങ്ങളും, കാണാൻ ഭംഗിയുള്ള ചെറിയ പാത്രങ്ങൾ ആണ് വാങ്ങുക.ഈ മാസം പോകുമ്പോഴേ അടുത്ത മാസം വാങ്ങേണ്ട പാത്രം നോക്കി വച്ച്, വില ചോദിച്ചു വയ്ക്കും.പിറ്റത്തെ മാസം ചെന്ന് വാങ്ങും.ആ പാത്രങ്ങളിൽ ഒക്കെ പേര് എഴുതി വാങ്ങും, എന്റെ പാത്രങ്ങളിൽ അധികവും മോളുടെ പേരാണ്.കടലാസിൽ പൊതിഞ്ഞ് ബാഗിൽ വച്ച് കൊണ്ട് വന്ന് അലമാരയിൽ എടുത്ത് വയ്ക്കും.അന്ന് ആകെ ഒരു അലമാരിയെ ഉള്ളൂ.ഉടുപ്പും, പുസ്തകവും,പാത്രവും ഒക്കെ അതിൽ ആണ്.ഇടയ്ക്ക്, ഇടയ്ക്ക് ഈ കുട്ടി പാത്രങ്ങൾ ഒക്കെ ഒന്ന് തൊട്ടു തലോടും, പുസ്തകങ്ങൾ എടുത്ത് ഒന്ന് വാസനിച്ചു നോക്കും.പതിവുള്ള ഗൗരവത്തോടെ എം.ടി വാസുദേവൻ നായർ എന്നെ നോക്കും.ജീവിക്കാൻ ചെറിയ, ചെറിയ സന്തോഷങ്ങളും, ചെറിയ ചെറിയ കാരണങ്ങളും മതി- പേര് എഴുതിയ ഒരു കുട്ടിപാത്രം പോലെ.

കുറെ പാത്രങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത് കുറച്ചു പാത്രങ്ങൾ മാത്രമാണ്. അവയുടെ വലിപ്പവും, വളവും, അരികും, വക്കും ഒക്കെ കൈകൾക്ക് പരിചിതമാണ്.ഒരു കുട്ടി പോണി നിറച്ചും ചോറ്‌ ഉണ്ടെങ്കിൽ ഉച്ചക്ക് മൂന്നാൾക്ക് പാകം. ഒരു കുഞ്ഞ്‌ ഗ്ലാസ് പരിപ്പ് വേവിച്ചാൽ, അതിന്റെ സാമ്പാർ ആക്കി വയ്ക്കാൻ കൊത്തുപണിയുള്ള ഒരു മൂടി പാത്രം. എല്ലാ ദിവസവും രാത്രി അത്താഴം കഴിഞ്ഞു തേച്ചു കഴുകുമ്പോൾ , എന്റെ ഉള്ളിലെ സന്തോഷവും, സങ്കടവും ഒക്കെ എന്റെ വിരൽത്തുമ്പിലൂടെ അറിയുന്നവർ.

“മുക്കി ഒഴിക്കണ പാത്രം” എന്ന് പറഞ്ഞൊരു പാത്രം ഉണ്ടായിരുന്നു പണ്ടെന്റെ വീട്ടിൽ. കുറെ വെള്ളം മുക്കി അങ്ങോട്ട് ഒഴിച്ചാൽ ആണ് അന്നത്തെ മോട്ടോർ കുറച്ചു വെള്ളം ഇങ്ങോട്ട് അടിച്ചു തരിക.പ്രധാനമായും ഈ വെള്ളം മുക്കി ഒഴിക്കാൻ ആണ് “മുക്കി ഒഴിക്കുന്ന പാത്രം” ഉപയോഗിച്ചു പോന്നത്.

പാത്രങ്ങളോട് ഏറെ പ്രിയമാണെങ്കിലും പാത്രം മോറൽ എനിക്ക് തീരെ ഇഷ്ടമല്ല.(തൃശൂർക്കാർ പാത്രം കഴുകില്ല, മോറുകയെ ഉള്ളൂ).വാസ്തവത്തിൽ, അത്താഴം കഴിഞ്ഞുള്ള പാത്രം കഴുകൽ ഞാൻ ഏറ്റവും വെറുക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അത്താഴം കഴിഞ്ഞാൽ മൊബൈലിൽ കുത്തി കളിക്കാൻ ആണ് എനിക്കിഷ്ടം, അല്ലാതെ പാത്രം മോറാൻ അല്ല.

ദേഷ്യം വരുമ്പോൾ ആൾക്കാർ പാത്രം വലിച്ചെറിയും എന്ന് കേട്ടിട്ടുണ്ട്. ഞാൻ എറിയാറില്ല.എന്റെ വീട്ടിൽ ആരെയും അങ്ങനെ അറിയാൻ സമ്മതിക്കാറും ഇല്ല.പരാക്രമം പാത്രങ്ങളോടല്ല വേണ്ടൂ എന്നാണല്ലോ പ്രമാണം.

പ്രസവം കഴിഞ്ഞു സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോരുമ്പോൾ പെണ്ണുങ്ങൾ പാത്രം കൊണ്ട് വരലുണ്ട്. സ്വന്തമായി ഒരു കുടുംബം കെട്ടിപൊക്കുന്നവളുടെ ആദ്യ ഈടുവെപ്പ് ഈ പാത്രങ്ങൾ ആകും. “എന്റോടന്നു കൊണ്ട് വന്ന ചെപ്പ് കുടം”, “എന്റെ അമ്മ വാങ്ങി തന്ന അണ്ടാവ്” എന്നെല്ലാം എന്നും ഊക്കോടെ, ഊറ്റത്തോടെ അവൾ ഞെളിയും.

പണ്ടൊക്കെ കല്യാണത്തിനും, ചോറൂണിനും, വീട് കൂടലിനും സ്റ്റീൽ പാത്രം സമ്മാനം കൊടുക്കുമായിരുന്നു.ഇപ്പോ അതിന് ഗമ പോരത്രേ! ആമസോണിന്റെ ഗിഫ്റ്റ് വൗച്ചർ ഒക്കെയാണെത്രേ പുതുകാലത്തിന്റെ സമ്മാനങ്ങൾ.

സ്വന്തം വീട്ടിലെ പോട്ടെ,അയലത്തെ വീട്ടിലെ പാത്രത്തിന്റെ കണക്ക് വരെ അറിയുന്നവർ ആയിരുന്നു പണ്ടുള്ളവർ.”രണ്ട് എടങ്ങഴി പാല് കൊള്ളുന്ന പാത്രം നമ്മടോടെ ഇല്ലെങ്കിൽ, ദേവകി ഇളമേടെ ആങ്ങള കഴിഞ്ഞ തവണ ബോംബെന്ന് വന്നപ്പോ കൊണ്ട് കൊടുത്ത ഒരു തമല അവരോടെ പത്തായപുറത്ത് കമിഴ്ത്തി വച്ചിട്ടുണ്ട്, ഓടി പോയി അത് ഇങ്ങട് എടുത്തോ” എന്നൊക്കെ കൂൾ ആയി പറഞ്ഞിരുന്നവർ.

തീരാതെ സ്നേഹം കോരിയെടുക്കുന്ന അക്ഷയപാത്രങ്ങൾ ….ചേർത്തു വയ്ക്കുന്ന ഓർമകൾ കൊണ്ട് ക്ലാവ് പിടിക്കാതെ തിളങ്ങുന്ന സ്‌മൃതി പാത്രങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular