Monday, May 6, 2024
HomeEditorialറഷ്യൻ ആക്രമണവും മലയാള മാധ്യമങ്ങളുടെ അമേരിക്ക വിരോധവും

റഷ്യൻ ആക്രമണവും മലയാള മാധ്യമങ്ങളുടെ അമേരിക്ക വിരോധവും

ഉക്രൈനെ റഷ്യ ആക്രമിച്ചതിൻറ്റെ വെളിച്ചത്തിൽ കേരളത്തിൽ, മാധ്യമങ്ങളിൽ വരുന്ന വാർത്തകളും നടക്കുന്ന അവലോകനങ്ങളും കേട്ടാൽ തോന്നും ഒന്നുകിൽ ഇവരിൽ ഒട്ടനവധി ഇപ്പോഴും സ്റ്റാലിനിസ്റ്റ് റഷ്യയെ ഉൾമനസ്സിൽ ആരാധിക്കുന്നവരാണെന്ന്.  കൂടാതെ അമേരിക്കയെ കുറ്റപ്പെടുത്തുന്നതിന് എവിടെ ഒരവസരം കിട്ടും എന്നു നോക്കി നടക്കുന്നവരും.

റഷ്യയെ അമേരിക്ക പ്രകോപിപ്പിച്ചു, നിരവധി കള്ളവാർത്തകൾ പ്രചരിപ്പിച്ചു എന്ന മട്ടിലാണ് വാർത്തകൾ.  ഇതുകേട്ടാൽ തോന്നും മൂന്നു മാസമായി റഷ്യ   അതിർത്തിയിൽ സൈനിക നീക്കങ്ങൾ നടത്തിയത് കള്ള വാർത്ത  ആയിരുന്നോ? ഈ സാഹചര്യത്തിലല്ലെ അമേരിക്കയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും താക്കീതുകൾ നൽകിയത്.

റഷ്യയുടെ സുരക്ഷക്ക് നേറ്റൊ രാഷ്ട്രങ്ങൾ ഒരു ഭീഷണി ആയി മാറുന്നു. ഉക്രൈൻ  ഒരു നേറ്റൊ അംഗമായി മാറും. അതോടെ റഷ്യയുടെ സുരഷ ഇല്ലാതാകുന്നു.

ഈ നിരീക്ഷകരുടെ അജ്ഞത കാരണമോ  ഇന്നത്തെ യൂറോപ്പിൻറ്റെ അവസ്ഥയും റഷ്യയുo, ജർമ്മനി പോലുള്ള രാഷ്ട്രങ്ങളും  തമ്മിലുള്ള ഇപ്പോഴുള്ള സാമ്പത്തിക ഇടപാടുകളും അറിയാത്തതിനാലും ആയിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത് .

അമേരിക്ക നേരത്തെ പറഞ്ഞിരുന്നു,   ഒരിക്കലും   സൈനികരെ  പൊരുതുന്നതിനു വിടില്ല എന്ന് . ഇതൊരു  പുതിയ വാർത്തയല്ല. ഏത് രീതിയിൽ അമേരിക്കയോ യൂറോപ്പോ റഷ്യക്ക് ഭീഷണി? എല്ലാവരും നുക്ലീയർ ശക്തികൾ. അതിൽ റഷ്യക്കാണ് ഏറ്റവും അധികം ആണവായുധങ്ങൾ ഉള്ളത്. ആരു വിശ്വസിക്കും പുട്ടിൻ വരച്ചുകാട്ടുന്ന ഈ അപകടാവസ്ഥ.

പടനീക്കം തുടങ്ങുമ്പോൾ പുട്ടിൻ പറഞ്ഞ ഒരു കാരണം ഉക്രൈൻ  നാറ്റോ അംഗമാകുവാൻ ശ്രമിക്കുന്നു. അതിന് ഫ്രാൻസും ജർമ്മനിയും  പല തവണ പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു. നേറ്റോ രാജ്യങ്ങൾ ഈയൊരു വിഷയം പരിഗണിച്ചിട്ടില്ല .കൂടാതെ എല്ലാ യൂറോപ്യൻ നേതാക്കളും പുട്ടിനെ നേരിട്ടു കണ്ടു ഈയൊരു യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് ശ്രമിച്ചു.

15 ബില്യനിലേറെ ഡോളർ മുടക്കി റഷ്യയും ജർമ്മനിയും ചേർന്ന്  ഇന്ധന നീക്കത്തിന് കുഴല്‍ മാര്‍ഗ്ഗ വഴി  നിർമ്മിക്കുന്നു. യൂറോപ്പിന് ആവശ്യമുള്ള ഇന്ധനത്തിൻറ്റെ ഏതാണ്ട് 40 % ത്തോളം ഒഴുകുന്നത് റഷ്യയിൽനിന്നും. ഇതുതന്നെ റഷ്യക്കുള്ള ഒരുറപ്പല്ലെ നേറ്റോ രാഷ്ട്രങ്ങൾ റഷ്യക്ക് എതിരല്ല എന്നത്.

ഈ നിരീക്ഷകർ ഒരു കാര്യം മനസ്സിലാക്കണം ഇന്ത്യ അതിർത്തി പങ്കിടുന്ന ചൈന, പാകിസ്ഥാൻ. ഈ  രാജ്യങ്ങൾ ഇന്ത്യക്ക് സ്ഥിരം ഭീഷണിയാണ്. ആ സാഹചര്യത്തിൽ എങ്ങിനെ പുട്ടിനെ പോലുള്ള ഒരു സ്വേച്ഛാധിപതി, യാതൊരു സാമ്യവുമില്ലാത്ത ഒരു ചെറിയ രാജ്യത്തെ ആക്രമിക്കുന്നതിൽ നീതി കാണുവാൻ പറ്റും ?

പുട്ടിനെ ആര് തളക്കും ?

ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുമോ? ഇത്തവണ ഹിറ്റ്ലർക്കു പകരം റഷ്യയും മറ്റൊരു നിഷ്‌ഠുര സ്വേച്ഛാധിപധി പുട്ടിനും..

രണ്ടാം ലോകമഹാ യുദ്ധം അതിൻറ്റെ ഉച്ചകോടിയിൽ എത്തുമ്പോൾ യൂറോപ്പിൽ ഓരോ രാജ്യങ്ങളും ഫ്രാൻസ് അടക്കം ഹിറ്റ്ലർക്ക് മുന്നിൽ നിന്നു വിറച്ചപ്പോൾ അമേരിക്ക ആ ഘട്ടത്തിൽ നമുക്കെന്തു കാര്യം എന്നനിലയിൽ നോക്കിനിന്നു.

അന്നത്തെ ശക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അമേരിക്കൻ പ്രസിഡൻറ്റ് ആയിരുന്ന ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിനെ ആദ്യ ഘട്ടത്തിൽ എഴുത്തുകൾ എഴുതി സഹായം അഭ്യർത്ഥിച്ചു അതിലൊന്നും അമേരിക്ക വീണില്ല.

ചർച്ചിൽ തീരുമാനിച്ചു നേരിട്ടു വന്നു അമേരിക്കൻ പ്രസിഡൻറ്റിനോടും കോൺഗ്രസ്സിനോടും സഹായം തേടുന്നതിന് . ചർച്ചിൽ , 1941 ഡിസംബർ മാസം  അമേരിക്കയിലെത്തി, തൻറ്റെ നിവേദനവുമായി  . ജപ്പാൻ പേൾഹാർബർ നടത്തിയ ആക്രമണവും ആ സമയത്ത്.

റൂസ്‌വെൽറ്റിനും കോൺഗ്രസ്സിനും കാര്യങ്ങളുടെ ഗൗരവസ്ഥിതി മനസ്സിലായി. അമേരിക്ക യുദ്ധം രണ്ടു മേഖലയിലും -പസഫിക് , അറ്റ്ലാൻറ്റിക്- ഏറ്റെടുത്തു. പിന്നീടുള്ള ചരിത്രം ആവർത്തിക്കേണ്ടല്ലോ?

ആ കാലം അമേരിക്ക യൂറോപ്പിൽ നിഷ്‌പക്ഷത കാട്ടിയിരുന്നെങ്കിൽ ഹിറ്റ്ലർ എവിടെത്തുമായിരുന്നു? അയാൾ ജപ്പാനെയും സഹായിച്ചു അമേരിക്കയെയും തൂത്തുവാരുമായിരുന്നു.

ഇന്നിതാ ലോകത്തിന് ഒരു ചർച്ചിലുമില്ല, റൂസ്‌വെൽറ്റുമില്ല . പുട്ടിനിതെല്ലാം നന്നായിട്ടറിയാം. യൂകരെൻ കൈ യ്യടക്കുന്നതിനുള്ള ശ്രമം പുട്ടിൻ മൂന്നു മാസങ്ങൾക്കു മുന്നിൽ ആരംഭിച്ചിരുന്നു. അന്നെല്ലാം നേറ്റോ രാഷ്ട്രങ്ങൾ  വെറും വാചക കസർത്തുമായി നോക്കിനിന്നു.

ഈ ലേഖകൻ കഴിഞ്ഞ ഡിസംബറിൽ ഇ-മലയാളിയിൽ എഴുതിയിരുന്നു. റഷ്യ യുദ്ധത്തിനൊരുങ്ങുന്നു. എന്താണ് അമേരിക്കൻ പ്രസിഡൻറ്റ് ജനുവരിയിൽ പറഞ്ഞത്? ചെറിയ രീതിയിലുള്ള അതിക്രമം കുഴപ്പമില്ല. ഇപ്പോൾ കുറെ ഉപരോധ നടപടികൾ റഷ്യക്ക് എതിരായി പ്രഖ്യാപിക്കുന്നുണ്ട്. ഇതു വല്ലതും പുട്ടിനെ ഭയപ്പെടുത്തുന്നുണ്ടോ?

ഇതെല്ലാം നേരത്തെ കണ്ടുകൊണ്ടാണ് പുട്ടിൽ ആക്രമണങ്ങൾ തുടങ്ങിയിരിക്കുന്നത്. ഓലപ്പാമ്പിനെ കണ്ടു പുട്ടിൻ പേടിക്കില്ല. 80 വർഷങ്ങൾക്കു മുൻപ് റൂസ്‌വെൽറ്റും, ചർച്ചിലും ചേർന്നു ഹിറ്റ്ലർക്കെതിരായി രൂപീകരിച്ച പ്രതികരണം ആവർത്തിക്കുവാൻ ഒരു നേതാവെങ്കിലും യൂറോപ്പിലോ അമേരിക്കയിലോ ഉണ്ടോ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular