Thursday, May 2, 2024
HomeKeralaമലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി

മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി

ലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ജില്ലാ കളക്ടര്‍.

പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ അസംപ്ഷൻ മൊണാസ്റ്ററി ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തില്‍ വൈറസ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതും, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും, പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നതും, മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.

രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച്‌ ഉടന്‍ പ്രാബല്യത്തില്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച്‌ ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ ഉടൻ റിപ്പോര്‍ട്ട് ചെയ്യണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാഹചര്യം ഉള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനം മാര്‍ഗങ്ങളിലും പോലീസ്, ആര്‍ടിഒ എന്നിവയുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തണം. ഡീഡീസ് ഫ്രീ സോണില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ടീം ഉറപ്പുവരുത്തേണ്ടതാണ്.രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ രൂപവത്കരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ ഓഫീസര്‍ സ്വീകരിക്കണം. മൃഗസംരക്ഷണ ഓഫീസര്‍ക്ക് ആവശ്യമായ എല്ലാ സഹകരണങ്ങളും ഉടനടി ലഭ്യമാക്കാൻ മേല്‍ വകുപ്പുകളും ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular