Monday, May 6, 2024
HomeIndiaഇന്ത്യൻ മുസ്ലിങ്ങള്‍ ഇപ്പോള്‍ സൂഫികളുടെ മൗനത്തിലാണ്; മതേതര ഇന്ത്യ കേള്‍ക്കാതിരിക്കില്ല ആ ശബ്ദം

ഇന്ത്യൻ മുസ്ലിങ്ങള്‍ ഇപ്പോള്‍ സൂഫികളുടെ മൗനത്തിലാണ്; മതേതര ഇന്ത്യ കേള്‍ക്കാതിരിക്കില്ല ആ ശബ്ദം

രേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പുകാല വിദ്വേഷപ്രസംഗം കേട്ട് ഒരു ഇന്ത്യൻ മലയാളി മുസ്ലിം പൗരൻ എന്ന നിലയില്‍ എനിക്ക് നിരാശയോ ഭയ- പരിഭ്രാന്തികളോ തോന്നുന്നില്ല.

കാരണം, അത്തരം ഭയം യഥാർഥത്തില്‍ ബാധിക്കേണ്ടത് ഇസ്ലാമിതര ഇന്ത്യൻ സമൂഹത്തെയാണ്. മുസ്ലിം സമൂഹം അരക്ഷിതാവസ്ഥ പേറുന്നുവെന്നത് ബി.ജെ.പി. അധികാരം കൈയാളുന്ന മോദി ഭരണകൂടത്തില്‍ മാത്രമല്ല, ദീർഘകാലമായി അത് ഇന്ത്യൻ മണ്ണില്‍ നിത്യയാഥാർഥ്യമായി നില നില്‍ക്കുന്നുണ്ട്. മുമ്ബ് ഭരിച്ചിരുന്നവരും ഇന്ത്യൻ മുസ്ലിംകളെ അവഗണിച്ചുവെന്നത് ചരിത്രയാഥാർഥ്യമാണ്.

ഇപ്പോള്‍ സംഭവിക്കുന്നത് ഇതാണ്: പരിഹസിക്കാവുന്നതും നിന്ദിക്കാവുന്നതുമായ എല്ലാ പദാവലികളും ഇന്ത്യൻ മുസ്ലിങ്ങള്‍ക്കുമേല്‍ ഇതിനകം ചാർത്തപ്പെട്ടു കഴിഞ്ഞു. പെറ്റു കൂട്ടുന്നവർ, നുഴഞ്ഞുകയറ്റക്കാർ – വിഭജനകാലത്ത് ഇന്ത്യ ജീവിക്കാനും തലമുറകള്‍ക്കതീതമായി സ്വപ്നം കാണാനുമുള്ള രാജ്യമായി തിരഞ്ഞെടുക്കുകയും ഇവിടെയുള്ള ജൈവസ്പന്ദങ്ങള്‍ ഹൃദയതാളമായി ചേർത്തുനിർത്തുനിർത്തുകയും ചെയ്ത ഒരു മതാത്മക ഇന്ത്യൻ പൗരസമൂഹം ഇനിയെന്ത് കേട്ടാലും പരിഭ്രാന്തരാവാൻ സാധ്യതയില്ല. ഇതിലപ്പറും ഏത് നിന്ദാവാക്കുകള്‍ ആണ് അവരിനി കേള്‍ക്കേണ്ടത്?

അപ്പോള്‍ ആരാണ് പരിഭ്രാന്തരാവേണ്ടത്?

തീർച്ചയായും ഇസ്ലാമിതര ഇന്ത്യൻ സമൂഹം. മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ രക്ഷാകർതൃത്വം കീഴാളഹിന്ദു സമൂഹത്തെ പ്രചോദിപ്പിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. മോദിയുടെ ഇന്ത്യൻ പ്രചോദനങ്ങളില്‍ അസ്വസ്ഥരാവേണ്ടത്, യഥാർഥത്തില്‍ ഹിന്ദു സമൂഹമാണ്. കാരണം, വർഗീയത ആദ്യം സമൂഹത്തില്‍നിന്ന് എടുത്തുകളയുന്നത് ‘ഹാപ്പിനെസ്സ്’ ആണ്. അത് അപരത്വമല്ല, വെറുപ്പാണുത്പാദിപ്പിക്കുന്നത്. വെറുപ്പ് ഒരു സ്ഥായിയായ മനോഭാവമായി മാറുമ്ബോള്‍ അവിടങ്ങളില്‍ നല്ല ചായക്കടകള്‍ പോലും നടത്താൻ ബുദ്ധിമുട്ടായിരിക്കും. ‘മുസ്ലിങ്ങള്‍ക്ക് ഫ്ലാറ്റ് ” കൊടുക്കില്ല എന്ന് ചില മെട്രോ നഗരങ്ങളിലെ ഹൗസിങ്ങ് കോളനികള്‍ തീരുമാനിച്ചത് നാം വായിച്ചതാണ്. എന്നിട്ടെന്തുണ്ടായി? ഫ്ലാറ്റ് കിട്ടാത്ത മുസ്ലിങ്ങള്‍ തെരുവില്‍ പായ വിരിച്ചു കിടക്കുന്ന വാർത്തകള്‍ എവിടെയെങ്കിലുംനിന്ന് റിപ്പോർട്ട് ചെയ്തോ? അവർ കൂടുതല്‍ ലക്ഷ്വറിയായ മറ്റൊരിടം തേടി പോയിരിക്കും. നവയൗവനങ്ങള്‍ ജീവിതം ആഘോഷിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം ഒരു ജാതിയെയോ മതത്തെയോ ബാധിക്കുന്ന പ്രതിഭാസമല്ല. 40 ഡിഗ്രി സെല്‍ഷ്യസ് മുസ്ലിം ചൂട് ഇല്ല, അത് ഒരേ ഡിഗ്രി സെല്‍ഷ്യസില്‍ എല്ലാവരെയും ഒരു ഫ്രൈ പാനിലെന്ന പോലെ ചുട്ടു പൊരിക്കുന്നു. മുസ്ലിം തണ്ണീർപന്തലുകള്‍, ഹിന്ദു തണ്ണീർപന്തലുകള്‍ എന്നീ രീതികളില്‍ ദാഹശമന ഔട്ട് ലെറ്റുകള്‍ ഭാവിയില്‍ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? കാളമൂത്രത്തില്‍ ഔഷധമുണ്ട് എന്ന പ്രചരിപ്പിക്കുന്ന യുക്തി, കാളമൂത്ര തണ്ണീർപ്പന്തലുകളുണ്ടാക്കി എന്നു തന്നെ കരുതുക. അവിടെ ആരായിരിക്കും, ഉപഭോക്താക്കള്‍? ഉപഭോക്തൃരഹിത തണ്ണീർപ്പന്തലായിരിക്കും അത്. വിശ്വാസം കലർപ്പുകളോടെ പ്രചരിപ്പിക്കപ്പെടുമെങ്കിലും, തൊണ്ട അവരവരുടേതാണ്.

ശരീരത്തിനും ബോധത്തിനും തത്സമയ അനുഭൂതികളുടെ ദൃശ്യ വിവരവിനിമയ ലോകത്ത് അധികാരത്തിന് ഭയം എന്ന പുതപ്പിലേക്ക് ഒരു സമുദായത്തെ കൊണ്ടുവരുന്നതിന് പരിമിതികളുണ്ട്. ‘നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്’ എന്ന് നിരന്തരം ഓർമിപ്പിക്കുന്ന സി.സി.ടി വി. നിരീക്ഷണ സംവിധാനമായി ഭരണകൂടം മാറുമെന്നത് ഇന്ത്യയില്‍ മാത്രമല്ല, സാർവത്രികമായി യാഥാർത്ഥ്യമായ ഒരു പോസ്റ്റ് ട്രൂത്ത് കാലത്താണ് നാം ജീവിക്കുന്നത്. ‘ഭരണകൂടം ‘എല്ലാം കാണുന്നുണ്ട്, ആ നിരീക്ഷണ സംവിധാനത്തില്‍ നിന്ന് ആരും തന്നെ മുക്തരല്ല. സെക്കുലർ ഹിന്ദുവും സെക്കുലർ മുസ്ലിമും ആ നിരീക്ഷണ കാമറയുടെ പരിധിയിലാണ്.

അപ്പോള്‍ ഇത്തരം ഭരണകൂട നിരീക്ഷണങ്ങളും വെറുപ്പിന്റെ പ്രചാരവേലകളും ‘ഭൂതകാല’ത്തിന്റെ ഒരു ‘വർത്തമാനം’ തിരിച്ചുകൊണ്ടുവരികയാണെങ്കില്‍, അത് ഒരു സമൂഹമെന്ന നിലയില്‍ വലിയൊരു ആപത്സാധ്യത ഇസ്ലാമേതര ഇന്ത്യൻ സമൂഹത്തിന് മുന്നില്‍ വെക്കുന്നുണ്ട്. ഭൂതകാലത്തിന്റെ അനാചാരങ്ങള്‍ക്ക് സാംസ്കാരികമായ കൈയൊപ്പുകള്‍ ചാർത്തപ്പെടുകയാണെങ്കില്‍, കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ രൂക്ഷമായിരിക്കും അതിന്റെ പരിണിത ഫലം. പഴയ ജാതീയമായ തിരസ്കാര യുക്തികള്‍ അത് തിരിച്ചുകൊണ്ടു വരും. അന്യോന്യം അകല്‍ച്ചയുടെ പഴയ ബ്രാഹ്മണ്യ യുക്തിയുടെ തിരിച്ചുവരവായിരിക്കില്ല അത്. കീഴാള ജാതികള്‍ക്കിടയിലെ ഹൈറാർക്കികള്‍, കീഴാളത്തട്ടുകള്‍ രൂപപ്പെടും. വി.സി. ശ്രീജൻ മുമ്ബൊരു സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയതു പോലെ, ഒരു ബ്രാഹ്മണൻ/നമ്ബൂതിരി കീഴാള കുടുംബത്തിലെ ചെറുപ്പക്കാരനോട് ‘വരൂ, സഹോദരാ, നിങ്ങള്‍ക്കെന്റെ മകളെ വിവാഹം ചെയ്തു തരാം’ എന്നു പറയുന്ന സാഹചര്യം എന്തായാലുമുണ്ടാകാനിടയില്ല. പകരം, ഹിന്ദു സമൂഹത്തില്‍ ജാതീയമായ വിവേചനങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമായേക്കും. അധികാരരൂപമാർന്ന വംശീയതാ ഭരണകൂടങ്ങള്‍ അമാനവികമായ ജാതീയതയും മതാത്മകതയും ഉത്പാദിപ്പിക്കും.

അപ്പോള്‍, ഇതിനകം തന്നെ ഏറെ നിന്ദാകരമായ പരാമർശങ്ങളിലൂടെ നിരാകരണങ്ങള്‍ ഏറ്റുവാങ്ങുന്ന (മുസ്ലിം ലീഗിന്റെ പതാകയിലെ പച്ച പോലും പ്രശ്നവല്‍ക്കരിക്കുകയും ഒരേ മുന്നണിയില്‍ നിന്നുതന്നെ തല്ലുവാങ്ങാൻ കാരണമാവുകയും ചെയ്യുന്ന കാലം) മുസ്ലിം സമുദായം ഇന്നത്തെ ഇന്ത്യയില്‍ സൂഫികളെപ്പോലെ ഭാരരഹിതരാണ്. ഭയം എന്ന പുതപ്പില്‍നിന്ന് ഭാരരഹിതമായ ഒരവസ്ഥയിലേക്ക് അവരെത്തിച്ചേർന്നിരിക്കുന്നു. സംഗീതത്തിലും പഠനത്തിലും ചങ്ങാത്തങ്ങളിലും അവർ ആനന്ദഭരിതരായി മുഴുകുന്നു. പർദ്ദയിട്ടു കൊണ്ടു തന്നെ അവർ സിനിമാ തിയേറ്ററില്‍ പോകുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചുവരെഴുത്തുകളോ ജാഥകളോ പ്രതിരോധത്തിനുള്ള ആഹ്വാനങ്ങളോ ഇല്ല. ഒരു സൂഫി പറഞ്ഞത് ഓർമ വരുന്നു: അള്ളാഹുവിന് തൊണ്ണൂറ്റി ഒമ്ബത് വിശുദ്ധനാമങ്ങളുണ്ട്.

വിട്ടുപോയ ഒന്ന് മൗനമാണ്.

ഇന്ത്യൻ മുസ്ലിങ്ങള്‍ വിശുദ്ധമായ ഒരു മൗനത്തിലൂടെ കടന്നുപോവുകയാണ്. സൂഫികളുടെ മൗനം. ആ മൗനത്തിന്റെ ശബ്ദം മതേതര ഇന്ത്യ കേള്‍ക്കാതിരിക്കില്ല. ജനാധിപത്യ നീതിയുടെ ശാശ്വതമായ മുദ്രാവാക്യങ്ങള്‍ ആർക്കും കവർന്നെടുക്കാനാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular